ബാറ്റിംഗ് തകര്‍ച്ച നേരിട്ട മുംബൈയുടെ രക്ഷയ്ക്കെത്തി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഓവറിൽ രോഹിത്തിനെയും രണ്ടാം എവറിൽ ഇഷാനെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ആറ് റൺസ് മാത്രമായിരുന്നു സ്കോര്‍. രോഹിത്തിനെ ബോള്‍ട്ടും ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൂര്യ കുമാര്‍ യാദവിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ മുംബൈയ്ക്ക് മൂന്നാം പ്രഹരം ഏല്പിച്ചു.
20/3 എന്ന നിലയിലേക്ക് വീണ ടീമിനെ തിലക് വര്‍മ്മ – മൊഹമ്മദ് നബി കൂട്ടുകെട്ട് മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ ബോര്‍ഡിൽ 52 റൺസുള്ളപ്പോള്‍ നബിയുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. 23 റൺസായിരുന്നു നബിയുടെ സ്കോര്‍. പിന്നീട് മികച്ചൊരു അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് തിലക് വര്‍മ്മ – നെഹാൽ വദേര കൂട്ടുകെട്ട് നേടിയത്.
വദേരയ്ക്ക് തന്റെ അര്‍ദ്ധ ശതകം ഒരു റൺസ് അകലെ നഷ്ടമാകുമ്പോള്‍ ഈ കൂട്ടുകെട്ട് 99 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. 24 പന്തിൽ 49 റൺസ് നേടിയ വദേരയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.
ഹാര്‍ദ്ദിക് പാണ്ഡ്യ 10 പന്തിൽ 10 റൺസ് മാത്രം നേടി അവേശ് ഖാന് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വര്‍മ്മ പുറത്തായി. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. 45 പന്തിൽ നിന്ന് 65 റൺസായിരുന്നു തിലക് വര്‍മ്മ നേടിയത്.
തൊട്ടടുത്ത പന്തിൽ സന്ദീപ് ശര്‍മ്മ ജെറാള്‍ഡ് കോയെറ്റ്സേയെയും പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. ടിം ഡേവിഡിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ തന്റെ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ മുംബൈയ്ക്ക് 179/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.