മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം കോബി മൈനു ദീർഘകാലം പുറത്തിരിക്കും. റയൽ മാഡ്രിഡിന് എതിരായ പ്രീസീസൺ മത്സരത്തിന് ഇടയിൽ കോബി മൈനൂവിന് പരിക്കേറ്റിരുന്നു. ആങ്കിൾ ഇഞ്ച്വറി സാരമുള്ളതാണെന്നും ആറ് മാസത്തോളം താരം പുറത്തിരിക്കും എന്നും യുണൈറ്റഡ് സ്ഥിരീകരിച്ചു. താരത്തെ ഈ സീസണിൽ ഫസ്റ്റ് ടീമിൽ നിലനിർത്താനും കൂടുതൽ അവസരം നൽകാനും പരിശീലകൻ ടെൻ ഹാഗ് ശ്രമിക്കവെ ആണ് പരിക്ക് വില്ലനായി എത്തിയത്.
പ്രീസീസണിൽ ഇതുവരെയുള്ള മൈനൂവിന്റെ പ്രകടനങ്ങൾ മികച്ചതായിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും മധ്യനിരയിൽ പക്വതയാർന്ന പ്രകടനം മൈനൂ കാഴ്ചവെച്ചിരുന്നു. മൈനൂവിന്റെ പരുക്ക് കണക്കിലെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ മധ്യനിര താരത്തെ പെട്ടെന്ന് തന്നെ ടീമിലേക്ക് എത്തിക്കും.
താരം അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ചു വർഷത്തോളം ക്ലബിൽ തുടരാൻ ആകുന്ന പുതിയ കരാർ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ ലീഗ് കപ്പിൽ ഓൾഡ് ട്രാഫോർഡിൽ ചാൾട്ടൺ അത്‌ലറ്റിക്കിനെതിരായ മത്സരത്തിൽ 17 കാരനായ മൈനു തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചിരുന്നു. എഫ്‌എ കപ്പിൽ റീഡിംഗിനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു.
ഒൻപതാം വയസ്സിൽ യുണൈറ്റഡിന്റെ അക്കാദമിയിൽ ചേർന്ന താരം യുണൈറ്റഡിന്റെ യൂത്ത് ടീമുകളിൽ ഒക്കെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയുടെ ഭാവി ആകും മൈനു എന്നാണ് പ്രതീക്ഷ.