ഒരിക്കൽ കൂടി വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ജ്യോക്കോവിച്. കരിയറിലെ 35 മത്തെ ഗ്രാന്റ് സ്ലാം ഫൈനൽ ആണ് താരത്തിന് ഇത്. ചരിത്രത്തിൽ ഏറ്റവും അധികം ഗ്രാന്റ് സ്ലാം ഫൈനൽ കളിച്ച പുരുഷ, വനിത താരമായി ഇതോടെ ജ്യോക്കോവിച് മാറി. ഒമ്പതാം വിംബിൾഡൺ ഫൈനൽ കൂടിയാണ് സെർബിയൻ താരത്തിന് ഇത്. തന്റെ 24 മത്തെ ഗ്രാന്റ് സ്ലാം കിരീടം ആവും ഞായറാഴ്ച ജ്യോക്കോവിച് ലക്ഷ്യം വക്കുക.
തന്റെ ആദ്യ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന എട്ടാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജ്യോക്കോവിചിന്റെ ജയം. 6-3, 6-4 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നേടിയ ജ്യോക്കോവിച് മൂന്നാം സെറ്റ് ടൈബ്രേക്കറിൽ ആണ് കൂടി ആണ് നേടിയത്. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത ജ്യോക്കോവിച് 2 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. കലണ്ടർ സ്ലാം എന്ന അവിശ്വസനീയ റെക്കോർഡ് ലക്ഷ്യം വെക്കുന്ന ജ്യോക്കോവിച് വിംബിൾഡൺ കൂടി നേടിയാൽ ഈ വർഷം നേടുന്ന മൂന്നാം ഗ്രാന്റ് സ്ലാം കിരീടം ആവും അത്.