ജാവോ കാൻസലോ സിറ്റി വിടും, ബയേണിലും തുടരില്ല

Nihal Basheer

ബയേണിൽ ലോണിൽ എത്തിയ ജാവോ കാൻസലോ ജർമൻ ചാമ്പ്യന്മാരുടെ കൂടെ തുടരില്ലെന്ന് ഉറപ്പായി. താരം മാഞ്ചസ്റ്റർ സിറ്റിയിലേക് തിരിച്ചെത്തുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സിറ്റിയിലും അടുത്ത സീസൺ മുതൽ താരം ഉണ്ടാവില്ല. പോർച്ചുഗീസ് താരത്തെ കച്ചവടമാക്കാൻ തന്നെയാണ് സിറ്റിയുടെ തീരുമാനം. ബയേണിൽ എത്തിയ ശേഷം 15 മത്സരങ്ങളിൽ നിന്നായി നാല് അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കാൻ താരത്തിനായി. എന്നാൽ എഴുപത് മില്യണിന്റെ ബൈ-ഓപ്‌ഷൻ ഉപയോഗിക്കേണ്ട എന്നു തന്നെയാണ് ബയേണിന്റെ തീരുമാനം.

Joao Cancelo Bayern Munich 2022 23

അതേ സമയം ആഴ്‌സനലിനും ബാഴ്‌സലോണക്കും താരത്തിൽ കണ്ണുണ്ടെന്ന് റൊമാനോയുടെ റിപോർട്ടിൽ പറയുന്നു. മൈക്കൽ ആർട്ടെറ്റക്കും കാൻസലോയെ എത്തിക്കാൻ താല്പര്യമുള്ളതായാണ് സൂചന. താരത്തിന്റെ കൈമാറ്റ തുക കുറക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറായേക്കും എന്ന് കഴിഞ്ഞ ദിവസം ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. 29കാരന് വേണ്ടി എഴുപത് മില്യൺ എന്ന ഉയർന്ന തുക മുടക്കാൻ ടീമുകൾ മടിക്കും എന്നതിനാൽ ആണിത്. ബാഴ്‌സലോണക്കും കഴിഞ്ഞ ജനുവരി മുതൽ കാൻസലോയിൽ താല്പര്യമുണ്ട്. എത്രയും പെട്ടെന്ന് പുതിയ താരങ്ങളെ എത്തിക്കാൻ ടീം പരിഗണിക്കുന്ന റൈറ്റ് ബാക്ക് സ്ഥാനത്താണ് കാൻസലോ ഇറങ്ങുന്നത് എന്നത് തന്നെ ഇതിന് കാരണം. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം സിറ്റി ആവശ്യപ്പെടുന്ന തുക മുഴുവൻ നൽകി താരത്തെ എത്തിക്കാൻ ബാഴ്‌സക്ക് സാധിച്ചേക്കുകയും ഇല്ല.