ഏഷ്യ കപ്പ് നടത്തുവാന്‍ തയ്യാര്‍ – ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

ചുരുങ്ങിയ നോട്ടീസിലാണെങ്കിലും ഏഷ്യ കപ്പ് നടത്തുവാന്‍ തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. എസിസി മീറ്റിംഗ് അടുത്ത് തന്നെ നടക്കാനിരിക്കുമ്പോളാണ് ഏഷ്യ കപ്പ് നടത്തുവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഇനി തീരുമാനം എടുക്കേണ്ടത് എസിസി ആണെന്നും ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് ഒഫീഷ്യൽ അറിയിച്ചു.

പാക്കിസ്ഥാനിലും യുഎഇയിലുമായി ഏഷ്യ കപ്പ് നടത്താമെന്ന പാക്കിസ്ഥാന്റെ ഹൈബ്രിഡ് മോഡൽ ബിസിസിഐ എതിര്‍ത്ത് നിൽക്കുന്നതിനാലാണ് ഏഷ്യ കപ്പ് വേദി മാറ്റുന്നതിനെ പറ്റി എസിസി ആലോചിക്കുന്നത്. കൊളംബോ അല്ലെങ്കിൽ ഒരു സ്ഥലവും വേണ്ട എന്ന നിലപാടാണ് ബിസിസിഐ എടുത്തിരിക്കുന്നത്. ബിസിസിഐയുടെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് ലങ്കന്‍ അധികാരികളും അറിയിച്ചു.

ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ് തലവന്മാര്‍ ഇന്ത്യയിൽ ഐപിഎൽ ഫൈനൽ കാണാനെത്തിയിരിക്കുന്നത് പാക്കിസ്ഥാന്‍ ഈ വിഷയത്തിൽ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.