ആർ സി ബിക്ക് ഈ സീസണിലും കപ്പ് ലഭിക്കില്ല എന്ന് ഉറപ്പായി. ഇന്ന് വിജയിച്ചാൽ പ്ലേ ഓഫിൽ എത്താമായിരുന്ന ആർ സി ബി ഗുജറാത്ത് ടൈറ്റൻസിനോട് 6 വിക്കറ്റ് പരാജയം ഏറ്റുവാങ്ങി. ഇതോടെ ഇന്ന് വൈകിട്ട് ഹൈദരബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലേക്ക് മുന്നേറി. ഇന്ന് 198 എന്ന ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് ശുഭ്മാൻ ഗില്ലിന്റെ ഗംഭീര പ്രകടബത്തിന്റെ മികവിലാണ് ലക്ഷ്യം 19.1 ഓവറിൽ മറികടന്നത്.
ഇന്ന് നല്ല തുടക്കം ഗുജറാത്തിന് ലഭിച്ചു. 6 ഓവറിൽ 51 റൺസായിരുന്നു ഒരു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് നേടിയത്. സാഹയെ(12) നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 25 റൺസായിരുന്നു ഗുജറാത്ത് നേടിയത്. പിന്നീട് ഗിൽ – വിജയ് ശങ്കര്‍ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവറിൽ 90 റൺസാണ് ഗുജറാത്ത് നേടിയത്. 35 പന്തിൽ നിന്ന് 53 റൺസ് എടുത്ത് ശങ്കർ പുറത്തായപ്പോൾ ആണ് ഈ കൂട്ടുകെട്ട് തകർന്നത്. അപ്പോൾ ഗുജറാത്ത് 15 ഓവറിൽ 148 റൺസിൽ എത്തിയിരുന്നു.
പിന്നാലെ വന്ന ശനക റൺ എടുക്കാതെ മടങ്ങിയത് ഗുജറാത്തിന് തിരിച്ചടിയായി. തുടർന്ന് ഗില്ലിന് ഒപ്പം മില്ലർ ചേർന്നു. അപ്പോൾ 27 പന്തിൽ 48 റൺസ് ഗുജറാത്തിന് വേണമായിരുന്നു. അടുത്ത 9 പന്തിൽ ആകെ ഒരു ബൗണ്ടറി ആണ് വന്നത്. 17 ഓവർ കഴിഞ്ഞപ്പോൾ 164-3 എന്ന സ്കോറിൽ ഗുജറാത്ത് നിക്കുന്നു. ജയിക്കാൻ 3 ഓവറിൽ 34 റൺസ്.
18ആം ഓവർ എറിയാൻ വന്ന സിറാജിനെ ആദ്യ പന്തിൽ തന്നെ ഗിൽ സിക്സ് പറത്തി. പക്ഷെ സിറാജ് ശക്തമായി തിരിച്ചു വന്നു. മില്ലറിനെ പുറത്താക്കി കളിയിലേക്ക് ആർ സി ബിയെ തിരികെ കൊണ്ടു വന്നു. എന്നാൽ അവസാന പന്തിൽ വീണ്ടും സിക്സ് പറത്തിൽ ഗിൽ ഗുജറാത്തിന് പ്രതീക്ഷ നൽകി. 2 ഓവറിൽ ജയിക്കാൻ 20 റൺസ്.
ഗിൽ അടുത്ത ഓവറിലും ആക്രമിച്ചു കളിച്ചു. 6 പന്തിൽ 8 റൺസ് എന്നായി. അവസനാം പാർനർ എറിഞ്ഞ ഓവറിൽ ആദ്യ പന്ത് തന്നെ നോബോൾ. രണ്ടാം പന്ത് വൈഡ്. ഇതോടെ 6 പന്തിൽ നിന്ന് 6 ആയി. ഫ്രീ ഹിറ്റ് സിക്സിൽ പറത്തി ഗുജറാത്ത് വിജയം ഉറപ്പിച്ചു.
ശുഭ്മാൻ ഗിൽ 52 പന്തിൽ 104 റൺസ് എടുത്ത് വിജയശില്പിയായി. ഗില്ലിന്റെ ഈ സീസൺ ഐ പി എല്ലിലെ രണ്ടാം സെഞ്ച്വറി ആയിരുന്നു ഇത്. വിജയത്തോടെ ഗുജറാത്ത് 20 പോയിന്റുമായി ഒന്നാമത് ഫിനിഷ് ചെയ്തു. അവർ ക്വാളിഫയറിൽ ചെന്നൈയെ നേരിടും. എലിമിനേറ്ററിൽ എൽ എസ് ജി മുംബൈ ഇന്ത്യൻസിനെയും നേരിടും.
ഐപിഎലില്‍ പ്ലേ ഓഫ് മോഹങ്ങളുമായി ആദ്യം ബാറ്റു ചെയ്ത ആര്‍സിബിയെ 197 റൺസ് എന്ന മികച്ച സ്കോറിലേക്ക് നയിക്കാൻ കോഹ്‍ലിക്ക് ആയിരുന്നു. വിരാട് കോഹ്‍ലി 61 പന്തിൽ 101 റൺസ് നേടിയപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി ഈ സ്കോര്‍ നേടിയത്. കോഹ്‍ലി തുടര്‍ച്ചയായ രണ്ടാം ശതകമായിരുന്നു ഇത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റൺസാണ് ആര്‍സിബി ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനായി നേടിയത്. 19 പന്തിൽ 28 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ നൂര്‍ അഹമ്മദ് ആണ് പുറത്താക്കിയത്. ഇതോടെ 67 റൺസിന്റെ ഓപ്പണിംഗ് വിക്കറ്റ് തകര്‍ത്ത് ബ്രേക്ക്ത്രൂ നേടുവാന്‍ ഗുജറാത്തിന് സാധിച്ചു.
ഗ്ലെന്‍ മാക്സ്വെൽ അപകടകാരിയായി മാറുന്നതിന് മുമ്പ് തന്നെ റഷീദ് ഖാന്‍ താരത്തെ മടക്കിയയ്ച്ചപ്പോള്‍ താരം 5 പന്തിൽ 11 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ നൂര്‍ അഹമ്മദ് മഹിപാൽ ലോംറോറിനെ പുറത്താക്കി. പത്തോവര്‍ പിന്നിടുമ്പോള്‍ 93 റൺസാണ് 3 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.
വിരാട് കോഹ്‍ലി 35 പന്തിൽ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. 101 റൺസ് നേടിയ കോഹ്‍ലിയ്ക്കൊപ്പം 15 പന്തിൽ 23 റൺസുമായി അനുജ് റാവത്തും ആര്‍സിബിയ്ക്കായി തിളങ്ങി.