ക്യാമ്പ് ന്യൂവിൽ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി റയൽ സോസിഡാഡ്. സോർലോത്, മോറിനോ എന്നിവർ വിജയികൾക്കായി ഗോൾ നേടി. ലെവെന്റോവ്സ്കി ബാഴ്‌സക്കായി ഗോൾ മടക്കി. ജയത്തോടെ നാലാം സ്ഥാനത്ത് അഞ്ച് പോയിന്റ് ലീഡ് ആയ സോസിഡാഡ് ചാമ്പ്യൻസ് ലീഗ് സ്ഥാനത്തോട് കൂടുതൽ അടുത്തു. മത്സര ശേഷം ആരാധകർക്ക് മുൻപിൽ ബാഴ്‌സലോണ ലാ ലീഗ കിരീടം ഉയർത്തി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് സോസിഡാഡ് ക്യാമ്പ് ന്യൂവിൽ വിജയം കാണുന്നത്.
ലാ ലീഗ കിരീടം സ്വന്തം കാണികൾക്ക് മുന്നിൽ ഉയർത്തുന്ന ദിനം വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ബാഴ്‌സക്ക് പക്ഷെ പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. അഞ്ചാം മിനിറ്റിൽ കുണ്ടേയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. താരത്തിൽ നിന്നും റാഞ്ചിയെടുത്ത പന്തുമായി എതിർ ബോക്സിലേക്ക് കുതിച്ച സോർലോത്ത് മികേൽ മോറിനോക്ക് മറിച്ചു നൽകിയപ്പോൾ താരം അനായസം വല കുലുക്കി. ആദ്യ പകുതിയിൽ റ്റെർ സ്റ്റഗന്റെ സേവുകൾ ആണ് കൂടുതൽ ഗോൾ വഴങ്ങാതെ ബാഴ്‌സയെ കാത്തത്. ഫ്രാങ്ക് കേസ്സിയിലൂടെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ബാഴ്‌സക്ക് ഗോൾ നേടാൻ ആയില്ല. ഫ്രാങ്കിയുടെ പാസിൽ താരത്തിന്റെ ഗോൾ ശ്രമം സുബിമെന്റി ഇടപെട്ടു തടഞ്ഞു. റാഫിഞ്ഞയുടെ ക്രോസിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ലെവെന്റോവ്സ്കിയുടെ ഹെഡർ ലക്ഷ്യത്തിന് മുകളിലൂടെ കടന്ന് പോയി. ചോയുടെ ശ്രമം തടഞ്ഞു റ്റെർ സ്റ്റഗൻ തടുത്തു. ബാരെനസിയയുടെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.
രണ്ടാം പകുതിയിലും സോസിഡാഡ് മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു. എഴുപതിയൊന്നാം മിനിറ്റിൽ അവർ വീണ്ടും ഗോൾ നേടി. സോർലോത്ത് ആണ് വല കുലുക്കിയത്. സുബിമേന്റിയിൽ നിന്നും ആരംഭിച്ച കൗണ്ടർ അറ്റാക്ക് നീക്കമാണ് ഗോളിൽ കലാശിച്ചത്. ഗോളിന് തൊട്ടു മുൻപ് മികച്ചൊരു ഹെഡർ അവസരം താരം നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തം ആയി ഈ ഗോൾ. മുഴുവൻ സമയത്തിന് തൊട്ടു മുൻപ് ലെവെന്റോവ്സ്കി ഒരു ഗോൾ മടക്കി. പകരക്കാരനായി എത്തിയ പാബ്ലോ ടോറെയുടെ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്. മത്സര ശേഷം ബാഴ്‌സലോണ ക്യാപ്റ്റൻ ബുസ്ക്വറ്റ്സ് ലാ ലീഗ കിരീടം ഏറ്റു വാങ്ങി.