ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു 11 വർഷങ്ങൾക്ക് ശേഷം സൗതാപ്റ്റൺ പുറത്ത്. ഇന്ന് ഫുൾഹാമിനോട് 2-0 നു തോറ്റതോടെ അവർ ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ടു. ലീഗിൽ ഇനി രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ 24 പോയിന്റുകൾ നേടി അവസാന സ്ഥാനത്ത് ഉള്ള സെയിന്റ്സിന് ഇത് വളരെ വേദന നൽകുന്ന വാർത്തയാണ്. ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ച മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് സ്വന്തം മൈതാനത്ത് കളിച്ച സെയിന്റ്സിന്റെ വിധി എഴുതിയ ഗോളുകൾ പിറന്നത്.
48 മത്തെ മിനിറ്റിൽ ഹാരിസൺ റീഡിന്റെ പാസിൽ നിന്നു കാർലോസ് വിനീഷ്യസ് ഗോൾ നേടിയപ്പോൾ തന്നെ സെയിന്റ്സിന്റെ വിധി എഴുതപ്പെടുക ആയിരുന്നു. തുടർന്ന് 72 മത്തെ മിനിറ്റിൽ 8 മത്സരങ്ങളുടെ വിലക്ക് മാറി എത്തിയ പകരക്കാരൻ അലക്‌സാണ്ടർ മിട്രോവിച് ഹാരി വിൽസന്റെ പാസിൽ നിന്നു ഫുൾഹാം ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ഒമ്പതാം സ്ഥാനത്തേക്ക് കയറാൻ ഫുൾഹാമിനു ആയി. ഈ സീസണിൽ 3 പരിശീലകരെ പരീക്ഷിച്ച സെയ്ന്റ്സിന് അത് ഒന്നും മതിയായില്ല തരം താഴ്ത്തൽ ഒഴിവാക്കാൻ. ഉടൻ തന്നെ പ്രീമിയർ ലീഗിൽ തിരിച്ചു വരാൻ ആവും അവരുടെ ശ്രമം.