എഫ്സി ബാഴ്സലോണ, ക്യാപ്റ്റൻ സെർജിയോ ബുസ്ക്വറ്റ്സിന് മുന്നിൽ പുതിയ കരാർ സമർപ്പിച്ചു. രണ്ടു വർഷത്തേക്കായിരിക്കും പുതിയ കരാർ. ജെറാർഡ് റൊമേറോ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. താരത്തിന്റെ വരുമാനത്തിലും കാര്യമായ കുറവ് ഉണ്ടാവും. 3 – 4 മില്യൺ യൂറോ ആയിരിക്കും താരത്തിന്റെ പുതിയ കരാർ പ്രകാരമുള്ള വരുമാനം. അതിനാൽ തന്നെ ബുസ്ക്വറ്റ്സ് ഈ കരാർ അംഗീകരിക്കുമോ എന്ന് ഉറപ്പില്ല.
ഒരു വർഷത്തേക്കുള്ള അടിസ്ഥാന കരാറും, സീസണിൽ താരം കളിക്കുന്ന കളിക്കുന്ന മത്സരങ്ങൾക്ക് അനുസരിച്ച് മറ്റൊരു വർഷത്തേക്ക് ഇതേ കരാർ അധികരിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ ആണ് ബാഴ്സലോണ ഓഫർ വെച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും സൗദി ലീഗിൽ നിന്നും കോടികളുടെ പണ കിലുക്കവുമായി ടീമുകൾ താരത്തിന് പിറകെ നിൽക്കുമ്പോൾ ആണ് ബാഴ്സ പുതിയ ഓഫർ നൽകിയിരിക്കുന്നത്. സാവിക്കും തന്റെ മുൻ സഹതാരത്തെ ടീമിൽ നിർത്തുന്നതിൽ പൂർണ സമ്മതമാണ്. കഴിഞ്ഞ വാരങ്ങളിൽ ബാഴ്സലോണയുടെ പ്രകടനത്തിലും ബുസ്ക്വറ്റ്സിന്റെ സാന്നിധ്യം നിർണായകമായിരുന്നു. നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഇടയിൽ ബുസ്ക്വറ്റ്സ് ഈ കരാർ അംഗീകരിച്ചാൽ ബാഴ്സക്ക് അത് വലിയൊരു ആശ്വാസമാകും. വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് തന്നെ താരത്തിന്റെ ബാഴ്സയിൽ ഭാവിയെ കുറിച്ചു അന്തിമ തീരുമാനം അറിയാൻ സാധിച്ചേക്കും.