ബാഴ്‌സലോണ മിഡ്ഫീൽഡർ ഫ്രെങ്കി ഡി യോംഗ് തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് വർഷങ്ങളോളം ക്ലബ്ബിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. RAC1-ന് നൽകിയ അഭിമുഖത്തിൽ, ഡച്ച് ഇന്റർനാഷണൽ താൻ “ഇവിടെ വളരെ ശാന്തനാണ്, ബാഴ്‌സയിൽ വളരെ സന്തുഷ്ടനാണ്” എന്നും ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു. വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ശ്രമിക്കാമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇതിനിടയിലാണ് ഡി യോംഗിന്റെ അഭിപ്രായങ്ങൾ. ബാഴ്സലോണയിൽ വർഷങ്ങളോളം തുടരാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും ഡി യോംഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയെ ശക്തിപ്പെടുത്താൻ മറ്റെവിടെയെങ്കിലും ആൾക്കാരെ നോക്കേണ്ടിവരുമെന്നാണ് സൂചനകൾ.
2019-ൽ അയാക്‌സിൽ നിന്ന് ബാഴ്‌സലോണയിൽ ചേർന്ന ഡി യോങ്, സാവിയുടെ കീഴിൽ കറ്റാലൻ ക്ലബ്ബിന്റെ പ്രധാന കളിക്കാരനായി മാറിയിട്ടുണ്ട്. ഈ സീസണിലെ ലാ ലിഗ കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന ബാഴ്സലോണക്ക് ഇപ്പോൾ 9 പോയിന്റിന്റെ ലീഡ് ഉണ്ട്.