ബംഗാളിന് ബാറ്റിംഗ് തകര്‍ച്ച, ആറ് വിക്കറ്റ് നഷ്ടം

Sports Correspondent

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയ്ക്കെതിരെ ബംഗാളിന് ബാറ്റിംഗ് തകര്‍ച്ച. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി സൗരാഷ്ട്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 78/6 എന്ന നിലയിലാണ് ബംഗാള്‍.

ജയ്ദേവ് ഉനഡ്കടും ചേതന്‍ സക്കറിയയും അടങ്ങുന്ന സൗരാഷ്ട്രയുടെ മുന്‍ നിര ബൗളര്‍മാര്‍ ബംഗാളിനെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറിൽ തന്നെ അഭിമന്യു ഈശ്വരനെ ഉനഡ്കട് പുറത്താക്കിയപ്പോള്‍ സാമന്ത് ഗുപ്തയെയും സുദീപ് കുമാര്‍ ഗരാമിയെയും പുറത്താക്കി ചേതന്‍ സക്കറിയ ബംഗാളിനെ 2/3 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി.

മനോജ് തിവാരിയെ ജയ്ദേവ് പുറത്താക്കിയപ്പോള്‍ ബംഗാള്‍ 17/4 എന്ന നിലയിലായിരുന്നു. 16 റൺസ് നേടിയ അനുസ്തൂപ് മജൂംദാറിനെ ചിരാഗ് ജനി പുറത്താക്കിയപ്പോള്‍ ബംഗാള്‍ 34/5 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി.

പിന്നീട് ആകാശ് ഘടക് – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 31 റൺസ് നേടിയാണ് ബംഗാളിന്റെ ചെറുത്ത്നില്പ് നടത്തിയതെങ്കിലും ആകാശിനെ പുറത്താക്കി ചേതന്‍ സക്കറിയ കൂട്ടുകെട്ട് തകര്‍ത്തു. 17 റൺസാണ് ആകാശ് നേടിയത്.

26 റൺസുമായി ഷഹ്ബാസ് അഹമ്മദും 5 റൺസ് നേടി അഭിഷേക് പോറലുമാണ് ക്രീസിലുള്ളത്.