പോളണ്ട് സെന്റർ ബാക്ക് യാക്കൂബ് കിവിയോറിനെ ആഴ്സണൽ ടീമിൽ എത്തിച്ചു. ആഡ് ഓണുകൾ അടക്കം ഇരുപത്തഞ്ചു മില്യൺ യൂറോയിലധികമാണ് യുവതാരത്തെ എത്തിക്കാൻ ആഴ്സനൽ ചെലവിടുന്നത് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ പ്രീമിയർ ലീഗ് സ്വപ്നം കാണുന്ന ആഴ്സനൽ ട്രോസാർഡിനെ എത്തിക്കുന്നതായി പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് അകമാണ് അടുത്ത സൈനിങ്ങും എത്തുന്നത്.
നിലവിൽ ഇറ്റാലിയൻ ലീഗിൽ സ്പെസിയ താരമായ ഇരുപത്തിരണ്ടുകാരൻ മുപ്പത്തിയെഴു മത്സരങ്ങൾ ടീമിനായി ഇറങ്ങി. 2021ലാണ് സ്പെസിയയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം പോളണ്ട് ദേശിയ ടീമിലും അരങ്ങേറിയ താരം ലോകക്കപ്പ് സ്ക്വാഡിലും ഇടം പിടിച്ചു. സെന്റർ ബാക്ക് സ്ഥാനത്ത് നിന്നും മികച്ച പാസുകൾ കൈമാറാനുള്ള താരത്തിന്റെ പ്രാപ്തി പല വമ്പൻ ടീമുകളെയും ആകർശിച്ചിരുന്നു. യുവന്റസും മിലാനും അടക്കമുള്ള ടീമുകൾ താരത്തെ നോട്ടമിട്ടിരുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ സൂചിപ്പിച്ചു. സ്പെസിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റം ആണിത്. വെറും രണ്ട് മില്യൺ യൂറോ നൽകിയാണ് സ്പെസിയ താരത്തെ ടീമിൽ എത്തിച്ചിരുന്നത്. സീസണിന്റെ രണ്ടാം പകുതിയിൽ ടീമിലെ പകരക്കാരുടെ ശക്തി വർധിപ്പിക്കുന്നതിന് പോളണ്ട് താരത്തിന്റെ വരവ് ആഴ്സനലിനെ സഹായിക്കും.