ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് കൊച്ചിയിൽ വെച്ച് ജംഷദ്പൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ച ഏറ്റവും മികച്ച ഫുട്ബോളും ഈ കളിയിലെ ആയിരിക്കണം. രണ്ട് ലോകോത്തര ഗോളുകൾ അടങ്ങിയതായിരുന്നു ഇന്നത്തെ കേരളത്തിന്റെ വിജയം.
ഇന്ന് മികച്ഛ രീതിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. അവരുടെ സീസണിലെ തന്നെ ഏറ്റവും മികച്ച 10 മിനുട്ട് ആകും ഇന്നത്തെ ആദ്യ പത്ത് മിനുട്ട്. യൂറോപ്പിലൊക്കെ കാണുന്ന പോലെ ചടുല നീക്കങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ വിറപ്പിച്ചു. ആദ്യ നാലു മിനുട്ടിൽ തന്നെ മികച്ച രണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിനായി. ദിമിത്രിയോസും ലെസ്കോവിചും കൂടെ പെനാൾട്ടി ബോക്സിൽ നടത്തിയ ഒരു നീൽകം കണ്ണഞ്ചിപ്പിക്കുന്നത് ആയിരുന്നു. പക്ഷെ അവസാനം ആ നീക്കം ഗോളായി മാറിയില്ല.
9ആം മിനുട്ടിൽ കേരളത്തിന്റെ അറ്റാക്കുകൾ ഫലം കണ്ടു. ദിയമന്റകോസിന്റെ അസിസ്റ്റിൽ നിന്ന് ജിയാന്നുവിന്റെ ഗോൾ. ജിയാന്നുവിന്റെ സീസണിലെ രണ്ടാമത്തെ ഗോൾ ആണിത്. ഈ ഗോളിന് ശേഷവും കേരളം അറ്റാക്കിൽ തന്നെ ശ്രദ്ധ കൊടുത്തു. ഈ സമയം കിട്ടിയ ഒരു അവസരം മുതലെടുത്ത് ജംഷദ്പൂർ സമനില നേടി. ചിമയാണ് ഒരു മികച്ച ഫിനിഷിലൂടെ സമനില നേടിയത്. സ്കോർ 1-1
കേരളം പതറാതെ അറ്റാക്ക് തുടർന്നു. 29ആം മിനുട്ടിൽ കേരളത്തിന് ഒരു പെനാൾട്ടി ലഭിച്ചു. ജെസ്സലിന്റെ ഒരു ക്രോസിൽ നിന്ന് ലഭിച്ച ഹാൻഡ് ബോൾ ആണ് പെനാൾട്ടിയായി മാറിയത്. പെനാൾട്ടി എടുത്ത ദിമിത്രിസ് ദിയമന്റകോസിന് പിഴച്ചില്ല. സ്കോർ 2-1. ദിമയന്റകോസിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്.
ഇതിനു ശേഷവും നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. പക്ഷെ ഗോളുകൾ അധികം പിറന്നില്ല. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് അറ്റാക്കിന്റെ വേഗത കുറഞ്ഞില്ല. 66ആം മിനുട്ടിൽ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ വന്നു. ഈ സീസണിൽ ഐ എസ് എൽ കണ്ട ഏറ്റവും മികച്ച ടീം ഗോൾ ആയിരിക്കും ഇത്.
മധ്യനിരയിൽ നിന്ന് ലൂണ ആണ് ഈ അറ്റാക്ക് തുടങ്ങിയത്. വൺ ടച്ച് പാസുകളുമായി ലൂണ പതിയെ അറ്റാക്കിംഗ് എൻഡിലേക്ക് മുന്നേറി. പെനാൾട്ടി ബോക്സിന് തൊട്ടു മുന്നിൽ വെച്ച് പന്ത് ദിമത്രസിന്റെ കാലിലേക്ക് ഒന്നും ചിന്തിക്കാതെ അനായാസം എന്ന പോലെ ബാക്ക് ഫ്ലിക്കിലൂടെ ജിയാന്നുവിനെ കണ്ടെത്തി. ജിയാന്നു മറ്റൊരു ബാക്ക് ഹീൽ പാസിലൂടെ ബോക്സിലേക്ക് എത്തിയ ലൂണയെയും കണ്ടെത്തി. ലൂണയുടെ ഫസ്റ്റ് ടച്ച് ഫിനിഷ് ഗോളായി മാറി. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ചരിത്രത്തിൽ തന്നെ നേടിയ ഏറ്റവും മികച്ച ടീം ഗോളിൽ ഒന്നാകും ഇത്.
ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ നടത്തി ടീം ഫ്രഷ് ആക്കി. പിന്നീടും അവസരങ്ങൾ വന്നെങ്കിലും ജംഷദ്പൂരിന്റെ ഭാഗ്യം കൊണ്ട് കൂടുതൽ ഗോളുകൾ വന്നില്ല. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 25 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. അവസാന എട്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല.