ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ആഴ്സണൽ ഇന്ന് മൂന്നാം സ്ഥാനക്കാർ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ നേരിടും. സീസണിൽ ഉഗ്രൻ ഫോമിൽ കളിക്കുന്ന ഇരു ടീമുകളും തമ്മിൽ തീപാറും പോരാട്ടം തന്നെയാണ് അർദ്ധരാത്രി കഴിഞ്ഞു 1.15 നു ആരാധകർ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഇടവേള കഴിഞ്ഞ ശേഷം കളിച്ച രണ്ടു കളികളും ജയിച്ചു എത്തുന്ന ആഴ്സണൽ ജീസുസിന്റെ അഭാവത്തിലും മികവ് തുടരുകയാണ്. റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ, സലിബ, വൈറ്റ്, സിഞ്ചെങ്കോ എന്നിവർ ആവും അണിനിരക്കുക. സലിബ കഴിഞ്ഞ മത്സരങ്ങളിൽ വരുത്തിയ പിഴവ് ആശങ്ക നൽകുന്നു എങ്കിലും ആഴ്സണൽ പ്രതിരോധം ശക്തമാണ്. ടോമിയാസു, ടിയേർണി എന്നിവർ അടങ്ങുന്ന ബെഞ്ചും ശക്തം തന്നെയാണ്.
മധ്യനിരയിൽ ഉഗ്രമായി കളിക്കുന്ന തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ ആണ് ന്യൂകാസ്റ്റിലിന് വെല്ലുവിളി ആവുക. മുന്നേറ്റത്തിൽ ജീസുസിന്റെ അഭാവം നികത്തി കഴിഞ്ഞ രണ്ടു കളികളിലും എഡി എങ്കിതിയ ഗോൾ നേടിയിരുന്നു. ഒപ്പം ഉഗ്രൻ ഫോമിൽ കളിക്കുന്ന ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് എന്നിവരും ഉണ്ട്. മുന്നിൽ നിന്നു ഉഗ്രൻ ഫോമിൽ കളിച്ചു ടീമിനെ മുന്നോട്ട് നയിക്കുന്ന ഒഡഗാർഡ് ടീമിന്റെ ജീവൻ ആണ്. ഒപ്പം കഴിഞ്ഞ രണ്ടു കളികളിലും ഗോൾ കണ്ടത്തിയ സാക, മാർട്ടിനെല്ലി എന്നിവരും ന്യൂകാസ്റ്റിൽ പ്രതിരോധം പരീക്ഷിക്കും എന്നുറപ്പാണ്. ഇത് വരെ എല്ലാ പ്രീമിയർ ലീഗ് മത്സരത്തിലും ഗോൾ നേടിയ ആഴ്സണലിനെ തടയുക എന്നത് ന്യൂകാസ്റ്റിൽ പ്രതിരോധത്തിന് വലിയ വെല്ലുവിളി തന്നെയാവും.
നിക് പോപ്പ് ഗോൾ വല കാക്കുന്ന സമയത്ത് ഷാർ, ബോട്ട്മാൻ, ബേൺ എന്നീ വമ്പന്മാർ ആണ് ന്യൂകാസ്റ്റിൽ പ്രതിരോധം കാക്കുക. ഒപ്പം മുന്നേറ്റത്തിലും സഹായിക്കുന്ന ട്രിപ്പിയറും ഉണ്ട്. മധ്യനിരയിൽ അവിസ്മരണീയമായി കളിക്കുന്ന ബ്രസീൽ താരങ്ങൾ ആയ ബ്രൂണോ ഗുയിമാരസ്, ജോലിന്റൺ എന്നിവർക്ക് ഒപ്പം മുൻ ആഴ്സണൽ താരം ജോ വില്ലോക്കും ഇറങ്ങും. മുന്നേറ്റത്തിൽ അവിശ്വസനീയ ഫോമിലുള്ള മിഗ്വേൽ അൽമിറോണിനു ഒപ്പം ക്രിസ് വുഡോ കലം വിൽസനോ ആവും ഇറങ്ങുക. ഇറങ്ങുക ആണെങ്കിൽ സെന്റ് അലക്സ് മാക്സിമിൻ ആഴ്സണലിന് തലവേദന ആവും സൃഷ്ടിക്കുക. സീസണിൽ ഒരൊറ്റ മത്സരം മാത്രം തോറ്റ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കടുക്കും എന്നുറപ്പാണ്. കഴിഞ്ഞ സീസണിൽ അവരുടെ മൈതാനത്ത് ന്യൂകാസ്റ്റിലിനോട് ഏറ്റ തോൽവിക്ക് പകരം തേടിയാണ് ആഴ്സണൽ എത്തുന്നത്. കിരീട പോരാട്ടത്തിൽ ആഴ്സണലിന് നിർണായകമായ മത്സരം മൈക്കിൾ ആർട്ടെറ്റ, എഡി ഹൗ പോരാട്ടം കൂടിയാവും.