യുവതാരം അലെഹാന്ദ്രോ ബാൾടേക്ക് പുതിയ കരാർ നൽകാൻ ബാഴ്സലോണ. താരത്തിന്റെ നിലവിലെ കരാർ 2024ൽ അവസാനിക്കാൻ ഇരിക്കുകയാണ്. സീസണിൽ സീനിയർ ടീമിലേക്ക് അവസരം ലഭിച്ച താരം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ലോകകപ്പിന് ശേഷമാകും താരം പുതിയ കരാറിൽ ഒപ്പിടുക. മറ്റ് യുവതാരങ്ങൾക്ക് എന്ന പോലെ ബാൾടേക്കും നാലോ അഞ്ചോ വർഷത്തെ കരാറും ഉയർന്ന റിലീസ് ക്ലോസും ചേർക്കാൻ ആവും ബാഴ്സയുടെ ശ്രമം. താരത്തിനും ക്ലബ്ബിൽ തന്നെ തുടരാൻ ആണ് ആഗ്രഹം.
ഇത്തവണ ലോകകപ്പിനുള്ള സ്പെയിൻ ടീമിലും താരം ഇടം പിടിച്ചിരുന്നു. ടീമിന്റെ ആദ്യ മത്സരത്തിൽ എൻറിക്വെ പകരക്കാരനായി ബാൾടേയെ കൊണ്ട് വരികയും ചെയ്തു. കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിക്കാൻ തരത്തിനായി. ജോർഡി ആൽബക്ക് പകരക്കാരനായി ബാഴ്സലോണ കാണുന്ന ഈ ലെഫ്റ്റ് ബാക്ക് അതിവേഗ നീക്കങ്ങൾക്ക് മിടുക്കനാണ്. പലപ്പോഴും റൈറ്റ് ബാക്ക് സ്ഥാനത്തും താരത്തെ സാവി ഉപയോഗിച്ചിട്ടുണ്ട്. ദേശിയ ടീമിലേക്കുള്ള ആദ്യ വിളി തന്നെ ലോകകപ്പിലേക്ക് ആയതിന്റെ ആവേശത്തിലാണ് താരം.