ഖത്തർ ലോകകപ്പിൽ ഒരു തകർപ്പൻ പ്രകടനവുമായി ഇറാൻ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയം സ്വന്തമാക്കി. വെയിൽസിന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇറാൻ പരാജയപ്പെടുത്തിയത്. ലോകകപ്പിൽ ഇതാദ്യമായാണ് ഇറാൻ ഒരു യൂറോപ്യൻ ടീമിനെ പരാജയപ്പെടുത്തുന്നത്.
ഇന്ന് ഇറാനും വെയിൽസിനും ഒരു വിജയം അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ഇരു ടീമുകളും അവരുടെ എല്ലാം നൽകിയ വിജയിക്കാൻ വേണ്ടി പൊരുതുന്നതാണ് മത്സരത്തിന്റെ തുടക്കം മുതൽ കാണാൻ ആയത്. പന്ത് കൈവശം വെച്ചും നല്ല അവസരങ്ങൾ സൃഷ്ടിച്ചും ഇറാൻ കളിയിൽ മുന്നോട്ട് പോയി. 17ആം മിനുട്ടിൽ സർദസ് അസ്മൗനും ഗൊലിസാദയും നടത്തിയ നീക്കത്തിന് ഒടുവിൽ ഗൊലിസാദ ഗോൾ നേടി. പക്ഷെ അസ്മൗൺ പാസ് ചെയ്യുമ്പോൾ ഗൊലിസാദ ഓഫ് സൈഡ് ആണെന്ന് വിധി വന്നു.
ആദ്യ പകുതിയുടെ അവസാനം അസ്മൗണും ഒരു അവസരം കിട്ടി എങ്കിലും നൂറുള്ളാഹിയുടെ ക്രോസ് മീറ്റ് ചെയ്യാൻ സ്ട്രൈക്കർക്ക് ആയില്ല. രണ്ടാം പകുതിയിൽ ഇറാൻ തുടരെ ആക്രമണങ്ങൾ നടത്തി. 52ആം മിനുട്ടിൽ 9 സെക്കൻഡിന് ഇടയിൽ രണ്ട് തവണയാണ് ഗോൾ പോസ്റ്റ് ഇറാന് വില്ലനായത്.
ആദ്യം അസ്മൗന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആ പന്ത് കൈക്കലാക്കി ഗൊലിസദ തൊടുത്ത ഒരു കേർലറും പോസ്റ്റിൽ തട്ടി മടങ്ങി. അപ്പോൾ കിട്ടിയ പന്ത് അസ്മൗൺ തൊടുത്തത് നേരെ ഗോൾ കീപ്പർ ഹെന്നസിയുടെ കയ്യിലും ആയി. എങ്ങനെ സ്കോർ ഗോൾ രഹിതമായി നിന്നു എന്നത് ഏവർക്കും അത്ഭുതമായി.
73ആം മിനുട്ടിൽ എസൊറ്റലാഹിയുടെ ഷോട്ടും ഹെന്നസി തടഞ്ഞു. മറുവശത്ത് ഗരെത് ബെയ്ലിന് ഇന്ന് കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. 84ആം മിനുട്ടിൽ ബെൻ ഡേവിസിന്റെ ഷോട്ട് ഹൊസൈനി തടഞ്ഞ് കളി ഗോളില്ലാതെ നിർത്തി.
85ആം മിനുട്ടിൽ വെയിൽസ് ഗോൾ കീപ്പർ ഹെന്നസി ചുവപ്പ് കണ്ട് പുറത്ത് പോയി. ഗോൾ ലൈൻ വിട്ട് വന്ന ഹെന്നസി തരെമിക്ക് എതിരെ ഹൈ ഫൂട്ട് ഫൗൾ ചെയ്താണ് ചുവപ്പ് വാങ്ങി പുറത്ത് പോയത്. ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡ് ആയി ഇത്.
വെയിൽസ് പത്തു പേരായി ചുരുങ്ങിയതിന് പിന്നാലെ ഇറാന്റെ അറ്റാക്കുകൾക്ക് ശക്തി കൂടി. 89ആം മിനുട്ടിലെ തരെമിയുടെ ഷോട്ട് ഇഞ്ചുകൾക്കാണ് പുറത്തേക്ക് പോയത്. അവസാനം തുടർ ആക്രമണങ്ങൾക്ക് 99ആം മിനുറ്റിൽ ഫലം കിട്ടി.
99ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ചെഷ്മി തൊടുത്ത ഷോട്ട് ഗോൾ വലയുടെ വലതു മൂലയിൽ പതിച്ചു. ഇറാന്റെ വിജയം ഉറപ്പായ നിമിഷം. ഇതിനു ശേഷം തിരിച്ചടിക്കാൻ വെയിൽസ് ശ്രമിച്ചത് ഇറാന്റെ മൂന്നാം ഗോളിന് വഴി തെളിച്ചു. ഒരു കൗണ്ടറിൽ നിന്ന് റെസെയിന്റെ വക മൂന്നാം ഗോൾ. വിജയം ഉറച്ചു.
ഇന്നത്തെ വിജയം ഇറാന് നോക്കൗട്ട് പ്രതീക്ഷ നൽകും. അവർക്ക് 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് ആയി. വെയിൽസിന് ആകെ ഒരു പോയിന്റ് മാത്രമെ ഉള്ളൂ.