പുറത്താക്കിയ പരിശീലകൻ ഹാസൻഹട്ടിലിന് പകരക്കാരനായുള്ള സതാംപ്ടണിന്റെ നീക്കങ്ങൾ അതിവേഗം മുൻപോട്ട്. ല്യുട്ടൺ ടൗൺ എഫ്.സി മാനേജർ നഥാൻ ജോൺസിനെയായിരുന്നു ആദ്യ ലക്ഷ്യമായി കണ്ടിരുന്നത്. അദ്ദേഹവുമായി ചർച്ചകൾ നടത്താൻ ല്യുട്ടൺ അനുമതി നൽകിയിട്ടുണ്ട്. അടുത്ത ദിവസം സ്റ്റോക് സിറ്റിയെ നേരിടാൻ പോകുന്ന ടീം മത്സരത്തിന് ശേഷമാണ് ചർച്ചകൾ നടത്താൻ അനുമതി നൽകിയത്.
സാഹചര്യം വിശദീകരിച്ചു കൊണ്ട് ല്യുട്ടൺ ടൗൺ വാർത്താക്കുറിപ്പ് ഇറക്കി. പ്രീമിയർ ലീഗ് ക്ലബ്ബ് നേരായ മാർഗത്തിലൂടെ തന്നെ ചർച്ചകൾക്ക് വേണ്ടി തങ്ങളെ സമീപിച്ചത് അഭിനന്തനാർഹമാണെന്നും തങ്ങൾ ഈ നീക്കത്തെ ബഹുമാനിക്കുന്നു എന്നും അവർ അറിയിച്ചു. സ്റ്റോക് സിറ്റിയുമായുള്ള മത്സര ശേഷം ചർച്ചകൾ നടത്താനാണ് അനുമതി എന്നും പിന്നീട് കാര്യങ്ങൾ പൂർണമായും സതാംപ്ടണിന്റെയും നഥാന്റെയും കയ്യിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. ആരാധരോട് മറ്റെല്ലാ ദിനവും എന്ന പോലെ സ്റ്റോക്ക് സിറ്റിയുമായുള്ള മത്സരത്തിനും പിന്തുണ നൽകാൻ എത്തണമെന്ന അഭ്യർത്ഥനയോടെയാണ് കുറിപ്പ് അവസാനിച്ചത്.
കഴിഞ്ഞ സീസണിൽ ല്യുട്ടണെ ചാംപ്യൻഷിപ്പ് ഡിവിഷനിൽ പ്ലേ ഓഫിലേക്ക് എത്തിച്ച് ശ്രദ്ധേയനായ പരിശീലനാണ് നഥാൻ ജോൺസ്.