ലോകകപ്പുമായി ബന്ധപ്പെട്ട ഏറെ വൈറലായ കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ഔദ്യോഗിക നീക്കങ്ങൾ ഒന്നും ചാത്തമംഗലം പഞ്ചായത്ത് നടത്തിയിട്ടില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ. ഒരു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സ്വാഭാവിക പരിശോധന മാത്രമാണ് ഇന്നലെ ഉണ്ടായത് എന്നും കട്ടൗട്ട് നീക്കാൻ നോട്ടീസോ നിർദ്ദേശമോ നൽകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പുഴ പഞ്ചായിത്തിന്റെ പരിധിയിൽ അല്ല എന്നും കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കട്ടൗട്ടുകൾ നീക്കേണ്ട ആവശ്യമില്ല എന്ന് കൊടുവള്ളി മുനിസിപ്പാലിറ്റിയും അറിയിച്ചിട്ടുണ്ട്. ഇതോടെ കട്ടൗട്ടുകൾ അവിടെ തന്നെ കാണും എന്ന് ഏതാണ്ട് ഉറപ്പായി. പുഴയിൽ സ്ഥാപിച്ച ലയണൽ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിയിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് പഞ്ചായത്തിന്റെ നീക്കം. ഈ കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവികമായ ഒഴുക്ക് തടയുമെന്നാണ് ഇമെയിൽ വഴി അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നത്.
ആദ്യം മെസ്സിയുടെ കട്ടൗട്ട് ആയിരുന്നു പുഴക്ക് നടുവിൽ ആയി വന്നത്. അതിനു പിന്നാലെ മെസ്സിയെക്കാൾ വലിയ 40 അടിയുടെ നെയ്മർ കട്ടൗട്ടുമായി ബ്രസീൽ ഫാൻസും എത്തി.