ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച ഫുൾഹാമിനെ സിറ്റി അവസാന മിനുട്ടിലെ ഗോളിൽ പരാജയപ്പെടുത്തി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന പെനാൾട്ടി ഗോളിന്റെ ബലത്തിൽ സിറ്റി 2-1ന് ഫുൾഹാമിനെ തോല്‍പ്പിച്ചു.
പരിക്ക് മാറി എത്തിയ ഹാളണ്ടിനെ ബെഞ്ചിൽ ഇരുത്തി കൊണ്ടാണ് സിറ്റി ഇന്ന് കളി ആരംഭിച്ചത്. മത്സരത്തിന്റെ 16ആം മിനുട്ടിൽ യുവ സ്ട്രൈക്കർ ജൂലിയൻ ആൽവാരസിലൂടെ സിറ്റി ലീഡ് എടുത്തു. ഗുണ്ടോഗൻ നൽകിയ ത്രൂ പാസ് സ്വീകരിച്ച് ഒരു പവർഫുൾ ഷോട്ടിലൂടെ ആണ് ആല്‍വാരസ് ഗോൾ നേടിയത്.
മത്സരത്തിന്റെ 26ആം മിനുട്ടിൽ ആയിരുന്നു വിവാദപരമായ പെനാൾട്ടിയും ചുവപ്പ് കാർഡും വന്നത്. ലാസ്റ്റ് മാനെ ഫൗൾ ചെയ്തതിന് കാൻസെലോക്ക് എതിരെ ചുവപ്പ് കാർഡ് വിളിക്കുകയും ഒപ്പം ഒരു പെനാൾട്ടി വിധിക്കുകയും ചെയ്തു. പെനാൾട്ടി എടുത്ത മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്ദ്രെസ് പെരേര ഫുൾഹാമിന് സമനില നൽകി.
രണ്ടാം പകുതിയിൽ ഹാളണ്ട് കളത്തിൽ എത്തി എങ്കിലും പത്തുപേരുമായി പൊരുതിയ സിറ്റിക്ക് വിജയ ഗോൾ കണ്ടെത്താൻ അവസാന നിമിഷം വേണ്ടി വന്നു. 94ആം മിനുട്ടിൽ ഡി ബ്രുയിനെ നേടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ഹാളണ്ട് സിറ്റിക്ക് വിജയം നൽകി.
ഈ വിജയത്തോടെ സിറ്റി 13 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി.