മിന്നായം പോലെ മിന്നി ഹാരിസ്!!! പിന്നെ തകര്‍ച്ച, ഷദബ് ഖാന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ മികച്ച സ്കോറിലേക്ക് പാക്കിസ്ഥാന്‍

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിര്‍ണ്ണായക മത്സരത്തിൽ പാക്കിസ്ഥാന്‍ ബാറ്റിംഗ് തുടക്കത്തിൽ തകര്‍ച്ച നേരിട്ടുവെങ്കിലും 185/9 എന്ന മികച്ച സ്കോര്‍ നേടി ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഷദബ് ഖാനും ഇഫ്തിക്കറും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഹാരിസും നവാസും നിര്‍ണ്ണായക സംഭാവനകള്‍ ടീമിനായി നൽകി.

Pakistansouthafrica

ഫകര്‍ സമന് പകരം ടീമിലേക്ക് എത്തിയ മൊഹമ്മദ് ഹാരിസ് 11 പന്തിൽ 28 റൺസുമായി തിളങ്ങിയെങ്കിലും ആന്‍‍റിക് നോര്‍ക്കിയ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ പാക്കിസ്ഥാന്റെ തകര്‍ച്ച ആരംഭിച്ചു.

ആദ്യ ഓവറിൽ റിസ്വാനെ നഷ്ടമായ പാക്കിസ്ഥാനെ ഹാരിസ് ഒറ്റയ്ക്ക് 38 റൺസിലേക്ക് എത്തിച്ചുവെങ്കിലും പിന്നീട് പാക്കിസ്ഥാന്‍ 43/4 എന്ന നിലയിലേക്ക് വീണു. ഹാരിസ് മൂന്ന് സിക്സും രണ്ട് ഫോറും തന്റെ ഇന്നിംഗ്സിൽ നേടി. പിന്നീട് പാക്കിസ്ഥാനെ ഇഫ്തിക്കര്‍ അഹമ്മദ് – മൊഹമ്മദ് നവാസ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 52 റൺസ് നേടിയാണ് തിരികെ ട്രാക്കിലെത്തിച്ചത്.

28 റൺസ് നേടിയ നവാസിനെ പുറത്താക്കി ഷംസി ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഷദബ് ഖാന്‍ 22 പന്തിൽ നിന്ന് 52 റൺസ് നേടിയാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. പാക്കിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. ഇഫ്തിക്കര്‍ 35 പന്തിൽ 51 റൺസും നേടി.

ഷദബ് ഖാന്‍ മൂന്ന് ഫോറും നാല് സിക്സും നേടിയപ്പോള്‍ ഇഫ്തിക്കര്‍ 3 ഫോറും 2 സിക്സും തന്റെ ഇന്നിംഗ്സിൽ നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍റിക് നോര്‍ക്കിയ 4 വിക്കറ്റ് നേടി.