കൊച്ചി, ഒക്ടോബർ 03, 2022: ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2022-2023 സീസണിൽ
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ (കെബിഎഫ്സി) ഡിജിറ്റൽ പങ്കാളികളാവും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സുമായി തുടർച്ചയായ മൂന്നാം വർഷമാണ് ഏഥർ എനർജി പങ്കാളിത്തത്തിലാവുന്നത്.
തുടർച്ചയായ മൂന്നാം വർഷവും കെബിഎഫ്‌സിയുമായി ഞങ്ങളുടെ സഹകരണം തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ഇതേ കുറിച്ച് സംസാരിച്ച ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിങ് ഫൊകേല പറഞ്ഞു. ഈ ടൂർണമെന്റിലെ കെബിഎഫ്‌സിയുടെ സഞ്ചാരപഥം വൈദ്യുത വാഹന (ഇ.വി) ബിസിനസിലെ ഞങ്ങളുടെ യാത്രയ്ക്കും സമാന്തരമാണ്.
രാജ്യത്തെ ഏറ്റവും അഭിനിവേശം നിറഞ്ഞ ക്ലബ്ബുകളിലൊന്നായും, 2021 സീസണിലെ ഫൈനലിസ്റ്റായും കെബിഎഫ്സി സ്വയം സമർത്ഥിച്ചു. സമാനമായി, ഏഥർ എനർജി കഴിഞ്ഞ വർഷം കേരളത്തിൽ ശക്തമായ സാന്നിധ്യം വളർത്തിയെടുത്ത്, വിപണിയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനിയായി മാറുകയും ചെയ്തു. കെബിഎഫ്‌സിയുമായുള്ള ഞങ്ങളുടെ ബന്ധം, ഞങ്ങളുടെ സാനിധ്യം വിപുലീകരിക്കുന്നത് തുടരുമ്പോൾ കേരളത്തിലും രാജ്യത്തുടനീളവും ഞങ്ങളുടെ ബ്രാൻഡിനെക്കുറിച്ചുള്ള അവബോധവും പരിചിതത്വവും വർധിപ്പിക്കാൻ ഞങ്ങളെ സഹായിച്ചു. കൂടുതൽ കാണികളിലേക്ക് ഞങ്ങളുടെ സ്‌കൂട്ടറുകൾ പ്രദർശിപ്പിക്കാനും, രാജ്യത്തുടനീളമുള്ള ഇ.വികളുടെ സ്വീകാര്യത ത്വരിതപ്പെടുത്താനും ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഥറുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിൽ മുൻനിരയിലാണ് അവർ. ഈ പരിവർത്തനം തുടരുന്നതിനും, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ബ്രാൻഡിനെ സഹായിക്കാനാവുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നതായും നിഖിൽ ഭരദ്വാജ് പറഞ്ഞു.
വൈദ്യുത വാഹനങ്ങൾ സ്വീകരിച്ച ഇന്ത്യയിലെ ആദ്യത്തെ വിപണികളിലൊന്നാണ് കേരളം, കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്‌കൂട്ടർ വിൽക്കപ്പെടുന്ന വിപണിയും കേരളമാണ്. വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുകയാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്, തൃശൂർ, കൊല്ലം, മലപ്പുറം, തിരൂർ എന്നിങ്ങനെ 9 പ്രധാന സ്ഥലങ്ങളിൽ എക്‌സ്പീരിയൻസ് സെന്ററുകളും, അയ്യായിരത്തിലധികം വാഹനങ്ങളും വിൽപന നടത്തിയ ഏഥർ, ഇപ്പോൾ കേരളത്തിലെ മുൻനിര ഇലക്ട്രിക് വാഹന ബ്രാൻഡാണ്.
വൈദ്യുത വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കിക്കൊണ്ട് 45ലേറെ ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിങ് പോയിന്റുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വർഷാവസാനത്തോടെ, കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനും ഏഥർ എനർജി പദ്ധതിയിടുന്നു. ഏഥർ 450 എക്സ് ജെൻ 3 മോഡലിനായുള്ള ടെസ്റ്റ് റൈഡ് അഭ്യർഥനകളുടെ എണ്ണം സമീപ മാസങ്ങളിൽ സംസ്ഥാനത്തുടനീളം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഈ പങ്കാളിത്തം, കേരളത്തിലും, രാജ്യത്തുടനീളമുള്ള ഫുട്ബോൾ പ്രേമികൾക്കുമിടയിലും ബ്രാൻഡ് അവബോധം കൂടുതൽ വർധിപ്പിക്കും.