അത്ലറ്റിക് ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ വാൽവെർഡേക്ക് സീസണിലെ ആദ്യ വിജയം. സമനിലയുമായി സീസൺ ആരംഭിച്ച അത്ലറ്റിക് വലൻസിയയെയാണ് വീഴ്ത്തിയത്. പന്ത് കൂടുതൽ കൈവശം വെച്ചിട്ടും ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ട് പോലും ഉതിർക്കാൻ ആവാതെയാണ് ഗട്ടുസോയുടെ ടീം എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി ഏറ്റു വാങ്ങിയത്.
സമനിലയിൽ പിരിഞ്ഞ ആദ്യ മത്സരത്തിൽ നിന്നും ചെറിയ മാറ്റത്തോടെയാണ് വാൽവെർഡേ അത്ലറ്റിക് ടീമിനെ ഇറങ്ങിയത്. അപകടകാരിയായ നിക്കോ വില്യംസ് ആദ്യ ഇലവനിലേക്ക് മടങ്ങി എത്തി. ഇനാകി വില്യംസ് സ്ട്രൈക്കർ സ്ഥാനതേക്ക് മാറി. അത്ലറ്റിക് മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. സ്ട്രൈക്കർ ഹ്യൂഗോ ഡ്യൂറോ പരിക്കേറ്റ് ആദ്യ പകുതിയിൽ തന്നെ കയറിയത് വലെൻസിയയെ ബാധിച്ചു. മാക്സി ഗോമസ് ഡ്യൂറോക്ക് പകരക്കാരനായി എത്തി. വലെൻസിയ മുന്നേറ്റത്തിന് ശേഷം കാസ്റ്റിയ്യേഹോയുടെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയത് ആരാധകർ നേടുവീർപ്പോടെയാണ് കണ്ടത്.
ഇടവേളക്ക് പിരിയുന്നതിന് മുൻപ് അത്ലറ്റിക്കിന്റെ ഗോൾ എത്തി. നാല്പത്തിമൂന്നാം മിനിറ്റിൽ വെസ്ഗയുടെ അസിസ്റ്റിൽ അലക്സ് ബെറെൻഗ്വെറാൻ വലൻസിയയുടെ വല കുലുക്കിയത്. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുന്നേ ഇനാകി വില്യംസിന് ലീഡ് രണ്ടായി ഉയർത്താൻ അവസരം ലഭിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.
രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. എൺപത്തിരണ്ടാം മിനിറ്റിൽ ഇനാകി വില്യംസ് സഹോദരൻ നിക്കോ വില്യംസിന് ഒരുക്കി നൽകിയ അവസരവും ഓഫ് സൈഡിൽ കലാശിച്ചു.