മാഡിസണ് പുതിയ കരാർ നൽകാൻ ലെസ്റ്റർ സിറ്റി

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ സൂപ്പർ താരം ജെയിംസ് മാഡിസണ് പുതിയ കരാർ നൽകാൻ ലെസ്റ്റർ സിറ്റി. കോച്ച് ബ്രണ്ടൻ റോജേഴ്‌സ് തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ലെസ്റ്റർ കാര്യമായ നീക്കങ്ങൾ ഒന്നും നടത്തിയിരുന്നില്ല. അതിനാൽ തന്നെ മാഡിസണുമായി കരാർ പുതുക്കുന്നത് ടീമിനും ആരാധകർക്കും ഒരു പോലെ ആശ്വാസം നൽകുന്നതാണ്.

നേരത്തെ ന്യൂകാസിൽ താരത്തെ സ്വന്തമാക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നു. നാല്പത് മില്യൺ പൗണ്ടിൽ കൂടുതൽ ഉള്ള ഓഫർ ലെസ്റ്റർ തള്ളിക്കളയുകയാണ് ഉണ്ടായത്. ഇതിന് പിറകെയാണ് ഇപ്പോൾ താരത്തിന്റെ കരാർ പുതുക്കുന്ന നടപടികളിലേക്ക് ടീം കടക്കുന്നത്. ഇരുപത്തഞ്ചുകാരന് നിലവിൽ രണ്ടു വർഷത്തേക്ക് കൂടി ടീമിൽ കരാർ ബാക്കിയുണ്ട്.

ലെസ്റ്റർ സിറ്റി

ടീമിന് മാഡിസനെ നിലനിർത്താൻ തന്നെയാണ് താല്പര്യമെന്നും ക്ലബ്ബ് ഭാരവാഹികളും താരവും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും ബ്രണ്ടൻ റോജേഴ്‌സ് പറഞ്ഞു. രണ്ടു വർഷം കൂടിയാണ് താരത്തിന് ക്ലബ്ബിൽ കരാർ ബാക്കിയുള്ളത്. സ്വാഭാവികമായും ഇത്തരം അവസരത്തിൽ തങ്ങളുടെ മികച്ച താരങ്ങളിൽ ഒരാളെ കൂടുതൽ കാലം ടീമിൽ നിലനിർത്താൻ ശ്രമിക്കും. അദ്ദേഹം മികച്ചൊരു താരമാണ്. അത് കൊണ്ട് തന്നെയാണ് മറ്റ് ക്ലബ്ബുകൾ താരത്തിന് താൽപര്യം പ്രകടിപ്പിക്കുന്നതും, റോജേഴ്‌സ് കൂടിച്ചേർത്തു. ഫോഫാനയെ കൈമാറാൻ തത്കാലം പദ്ധതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

2018ലാണ് താരം നോർവിച്ചിൽ നിന്നും ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്. കളിമെനഞ്ഞും ഗോൾ കണ്ടെത്തിയും ടീമിന്റെ രക്ഷക്കെത്താറുണ്ട്. നൂറ്റിഎഴുപതോളം മത്സരങ്ങളിൽ ടീമിനായി ഇറങ്ങി.