പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസം തുടങ്ങിയത് ഒരു ആവേശകരമായ മത്സരത്തോടെയാണ്. ഇന്ന് ക്രേവൻ കോട്ടേജിൽ ലിവർപൂളും ഫുൾഹാമും ഏറ്റുമുട്ടുമ്പോൾ ഒരു എളുപ്പമുള്ള ലിവർപൂൾ വിജയമാണ് ഏവരും പ്രവചിച്ചത്. എന്നാൽ ഫുൾഹാമിന്റെ പ്ലാനുകൾ വേറെ ആയിരുന്നു. അവർ ലിവർപൂളിന്റെ സൂപ്പർ താരനിരയെ വിറപ്പിച്ചു.
ഇന്ന് വിരസമായി തുടങ്ങിയ മത്സരം മെല്ലെ ഫുൾഹാമിന്റെ അറ്റാക്കുകളോടെ ചൂടുപിടിച്ചു. 32ആം മിനുട്ടിൽ ആയിരുന്നു ലിവർപൂളിനെ ഞെട്ടിച്ച് കൊണ്ട് ഫുൾഹാമിന്റെ ആദ്യ ഗോൾ വന്നത്. വലതു വിങ്ങിൽ നിന്ന് ടെറ്റെ നൽകിയ ക്രോസ് ഹെഡ് ചെയ്ത് മിട്രോവിച് അനായാസം വലയിൽ എത്തിച്ചു. മിട്രോവിചിനൊപ്പം പന്തിനായി ചാടിയ അലക്സാണ്ടർ അർനോൾഡിന് ഗോൾ നോക്കി നിൽക്കാനെ ആയുള്ളൂ.
ഈ ഗോളിന് മറുപടി നൽകാൻ രണ്ടാം പകുതിയിൽ നൂനിയസ് വരേണ്ടി വന്നു. സബ്ബായി എത്തിയ നൂനിയസ് 64ആം മിനുട്ടിൽ ഒരു ഫ്ലിക്കിലൂടെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളും ലിവർപൂളിന്റെ സമനില ഗോളും നേടി. ലിവർപൂൾ വിജയത്തിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച നിമിഷം.
ഇതിനിടയിൽ ബ്രേക്ക് ചെയ്ത് കൊണ്ട് ലിവർപൂൾ പെനാൾട്ടി ബോക്സിൽ എത്തിയ മിട്രോവിച് ഒരു പെനാൾട്ടി നേടി. മിട്രോവിച് തന്നെ ആ പന്ത് ലക്ഷ്യത്തിലും എത്തിച്ചു. സ്കോർ 2-1. വീണ്ടും ലിവർപൂൾ പിറകിൽ.
ഇത്തവണ ലിവർപൂളിന്റെ രക്ഷയ്ക്ക് എത്തിയത് സലാ ആയിരുന്നു. 80ആം മിനുട്ടിൽ നൂനിയസിന്റെ അസിസ്റ്റിൽ നിന്ന് സലായുടെ ഫിനിഷ്. കളി വീണ്ടും സമനിലയിൽ. ഇഞ്ച്വറി ടൈമിൽ ഹെൻഡേഴ്സന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നു എങ്കിൽ ലിവർപൂളിന് വിജയം സ്വന്തമാക്കാമായിരുന്നു.
Story Highlight: FT: Fulham 2-2 Liverpool
A shaky start to Liverpool’s season