പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, അർദ്ധരാത്രി 12.30 നടക്കുന്ന മത്സരമായ ആഴ്സണൽ ക്രിസ്റ്റൽ പാലസ് മത്സരത്തോടെയാണ് ഈ സീസണിലെ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാവുക. ഇത് തുടർച്ചയായ മൂന്നാം സീസണിൽ ആണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ആഴ്സണൽ മത്സരത്തിലൂടെ തുടക്കം ആവുന്നത്. കഴിഞ്ഞ സീസണിൽ തങ്ങളെ തോൽപ്പിച്ച സമീപകാലത്ത് തങ്ങൾക്ക് എതിരെ മികച്ച റെക്കോർഡ് ഉള്ള ക്രിസ്റ്റൽ പാലസിനെ അവരുടെ മൈതാനത്ത് ആണ് ആഴ്സണൽ ഇന്ന് നേരിടുക. തങ്ങളുടെ ഇതിഹാസ താരം പാട്രിക് വിയേര പരിശീലിപ്പിക്കുന്ന ടീമിന് എതിരെ ജയത്തോടെ ലീഗ് തുടങ്ങാൻ ആവും ആഴ്സണൽ ശ്രമം. പ്രീ സീസണിൽ ഒരൊറ്റ മത്സരവും തോൽക്കാതെ മിന്നും ഫോമിൽ ആണ് ആഴ്സണൽ പുതിയ സീസണിന് എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയിലും നിന്നും പുതുതായി ടീമിൽ എത്തിയ ഗബ്രിയേൽ ജീസുസിന് അരങ്ങേറ്റ മത്സരം കൂടിയാവും ഇത്. അതുഗ്രൻ ഫോമിലുള്ള ജീസുസ് പ്രീ സീസണിൽ ഗോൾ അടിച്ചു തകർത്തിരുന്നു.
ജീസുസിന് ഒപ്പം മികച്ച ഫോമിലുള്ള സാക, മാർട്ടിനെല്ലി എന്നിവർ അണിനിരക്കുമ്പോൾ അവരുടെ പിറകിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്സണൽ മുന്നേറ്റങ്ങളുടെ ചാലകശക്തിയാവും. മധ്യനിരയിൽ ഷാക, പാർട്ടി എന്നിവർ തന്നെയാവും ഇറങ്ങുക. പ്രതിരോധത്തിൽ പ്രീ സീസണിൽ എന്ന പോലെ വലത് ബാക്കായി ബെൻ വൈറ്റിനെ തന്നെ ആർട്ടെറ്റ കളിപ്പിക്കാൻ തന്നെയാണ് സാധ്യത. അങ്ങനെയെങ്കിൽ ഗബ്രിയേലിന് ഒപ്പം പ്രതിരോധത്തിൽ വില്യം സാലിബ ആഴ്സണലിന് ആയി അരങ്ങേറ്റം നടത്തും. ആഴ്സണലിൽ എത്തി രണ്ടര വർഷത്തിന് ശേഷമാവും ഫ്രഞ്ച് യുവതാരത്തിന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം. ഇടത് ബാക്കായി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു എത്തിയ സിഞ്ചെങ്കോയും അരങ്ങേറ്റം കുറിക്കും. ഗോളിൽ പതിവ് പോലെ റാംസ്ഡേൽ തന്നെയാവും ആഴ്സണൽ വല കാക്കുക. പുതുതായി ടീമിൽ എത്തിയ പോർച്ചുഗീസ് താരം ഫാബിയോ വിയേര, ഇടത് ബാക്ക് ടിയേർണി, വലത് ബാക്ക് ടോമിയാസു എന്നിവരുടെ പരിക്ക് ഭേദമായി എന്നു ആർട്ടെറ്റ അറിയിച്ചിരുന്നു. പകരക്കാരായി എങ്കിലും ഈ താരങ്ങൾ മത്സരത്തിന് ഉണ്ടായേക്കും.
എമിൽ സ്മിത് റോ മാത്രമാണ് നിലവിൽ പരിക്കിന് പിടിയിലുള്ള ആഴ്സണൽ താരം. മറുപുറത്ത് പ്രീ സീസണിൽ ഉഗ്രൻ ഫോമിൽ ആയിരുന്ന വിൽഫ്രയിഡ് സാഹ തന്നെയാണ് പാലസിന്റെ പ്രധാന കരുത്ത്. മികച്ച യുവ താരങ്ങളുടെ സംഘം ആണ് പാലസ്. മാർക് ഗുഹിയും മിച്ചലും അടങ്ങുന്ന പ്രതിരോധവും സാഹക്ക് ഒപ്പം മൈക്കിൾ ഒലിസിയും, എഡാർഡും, എസെയും ഒപ്പം ക്രിസ്റ്റിയൻ ബെന്റെക്കയും അടങ്ങുന്ന മുന്നേറ്റവും ആഴ്സണലിന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോന്നവയാണ്. പ്രചോദനം നൽകുന്ന പാട്രിക് വിയേരയുടെ സാന്നിധ്യവും പാലസിന്റെ വലിയ കരുത്ത് ആണ്. എന്നാൽ കഴിഞ്ഞ സീസണിൽ നിന്നു വിഭിന്നമായി ഉഗ്രൻ ജയത്തോടെ ലീഗ് തുടങ്ങാൻ ആവും ആഴ്സണൽ ഇത്തവണ ആർട്ടെറ്റക്ക് കീഴിൽ ഇറങ്ങുക. മത്സരം സ്റ്റാർ സ്പോർട്സ് സെലക്റ്റിലും ഹോട്സ്റ്റാറിലും തത്സമയം കാണാവുന്നത് ആണ്.