ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് യോഗ്യത നേടിയ ഏക ഇന്ത്യൻ താരമായ മലയാളി താരം മുരളി ശ്രീശങ്കർ ഏഴാം സ്ഥാനത്ത്. 8.36 മീറ്റർ ചാടി സീസണിലെ മികച്ച ദൂരം കുറിച്ച ചൈനീസ് താരം ജിയാനൻ വാങ് സ്വർണം നേടിയ ഇനത്തിൽ 8 മീറ്റർ യോഗ്യതയിൽ താണ്ടിയ ശ്രീശങ്കറിന് ഫൈനലിൽ ആ ദൂരം മറികടക്കാൻ ആയില്ല. ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ മത്സരിച്ച ആദ്യ ഇന്ത്യൻ പുരുഷ താരം ആണ് ശ്രീശങ്കർ.
ആറു ശ്രമങ്ങൾ ഉണ്ടായിരുന്ന ഫൈനലിൽ തന്റെ ആദ്യ ശ്രമത്തിൽ 7.96 മീറ്റർ ആണ് ശ്രീശങ്കർ ചാടിയത്. തുടർന്ന് അടുത്ത രണ്ടു ശ്രമങ്ങളും ഫൗളിൽ കലാശിച്ചപ്പോൾ നാലാം ശ്രമത്തിൽ താരം 7.89 മീറ്റർ ചാടി. തുടർന്ന് അഞ്ചാം ശ്രമവും ഫൗൾ ആയപ്പോൾ അവസാന ശ്രമത്തിൽ 7.83 മീറ്റർ മാത്രമാണ് താരത്തിന് ചാടാൻ ആയത്. ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിലും ഏഴാമത് ആയ താരം അതോടെ ലോക ചാമ്പ്യൻഷിപ്പിലും ഏഴാം സ്ഥാനത്ത് ഒതുങ്ങി. ഇന്ത്യയുടെ അപൂർവം മെഡൽ പ്രതീക്ഷകളിൽ ഒരാൾ കൂടി ആയിരുന്നു ശ്രീശങ്കർ.