മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത ക്ലബിലേക്ക് പോകാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വീണ്ടും തിരിച്ചടി. മുമ്പ് റൊണാൾഡോയെ ടീമിൽ എത്തിക്കില്ല എന്നു അറിയിച്ച ബയേൺ മ്യൂണിക് വീണ്ടും തങ്ങളുടെ നിലപാട് ആവർത്തിച്ചു. ബാഴ്സലോണയിലേക്ക് റോബർട്ട് ലെവൻഡോസ്കി പോവും എന്നുറപ്പായപ്പോൾ ആണ് റൊണാൾഡോ ബയേണിലേക്ക് പോയേക്കും എന്ന അഭ്യൂഹം പരന്നത്.
റൊണാൾഡോയുടെ ഏജന്റ് ജോർജ് മെന്റസ് താരത്തിനെ ബയേണിൽ എത്തിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടെയിൽ ആണ് ബയേണിന്റെ ഡയറക്ടർ ഹാസൻ സാലിഹമിദിസ് ക്ലബിന്റെ നിലപാട് വ്യക്തമാക്കിയത്. റൊണാൾഡോയുടെ കരിയറിനോടും നേട്ടങ്ങളോടും ബഹുമാനം തനിക്ക് ബഹുമാനം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം റൊണാൾഡോ ബയേണിനെ സംബന്ധിച്ച് അടഞ്ഞ അധ്യായം ആണെന്നും ആവർത്തിച്ചു. ഈ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ് കണ്ടത്താൻ ഉള്ള തീവ്രശ്രമത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ ഏജന്റ് ഇപ്പോഴും.