വിംബിൾഡൺ രണ്ടാം റൗണ്ടിൽ പുറത്തായി ഇതിഹാസ ബ്രിട്ടീഷ് താരം ആന്റി മറെ. തന്റെ ഇഷ്ട മൈതാനത്ത് കളിക്കാൻ ഇറങ്ങിയ 2 തവണ വിംബിൾഡൺ ജേതാവ് ആയ മറെയെ ഇരുപതാം സീഡ് അമേരിക്കൻ താരം ജോൺ ഇസ്നർ ആണ് തോൽപ്പിച്ചത്. 2 ടൈബ്രൈക്കറുകൾ കണ്ട മത്സരത്തിൽ നാലു സെറ്റ് പോരാട്ടത്തിന് ശേഷം ആണ് മറെ കീഴടങ്ങിയത്. ഇതോടെ ഇതിഹാസ താരത്തിന്റെ വിംബിൾഡൺ യാത്രക്ക് അവസാനം ആയി. മറെ 11 ഏസുകൾ മത്സരത്തിൽ ഉതിർത്തപ്പോൾ വലിയ സർവീസുകൾക്ക് പേരു കേട്ട ഇസ്നർ മത്സരത്തിൽ 38 ഏസുകൾ ആണ് ഉതിർത്തത്.
വിംബിൾഡണിൽ സിംഗിൾസിൽ 1000 ഏസുകൾ ഉതിർക്കുന്ന അഞ്ചാമത്തെ താരമായും ഇസ്നർ ഇതോടെ മാറി. മുമ്പ് 8 തവണ മറെയോട് തോറ്റ ഇസ്നർ കരിയറിൽ ആദ്യമായാണ് മറെയെ തോൽപ്പിക്കുന്നത്. 6-4 നു ആദ്യ സെറ്റ് നേടിയ ഇസ്നർ രണ്ടാം സെറ്റ് ടൈബ്രൈക്കറിൽ 7-6 നു നേടി. എന്നാൽ മൂന്നാം സെറ്റ് ടൈബ്രൈക്കറിൽ നേടിയ മറെ മത്സരം നാലാം സെറ്റിലേക്ക് നീട്ടി. എന്നാൽ നിർണായക ബ്രൈക്ക് നേടി നാലാം സെറ്റ് 6-4 നു നേടിയ ഇസ്നർ മൂന്നാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. മൂന്നാം റൗണ്ടിൽ ഇറ്റാലിയൻ താരം യാനിക് സിന്നർ ആണ് ഇസ്നറിന്റെ എതിരാളി.