നാല് വർഷത്തോളം സീനിയർ ടീമിനോടൊപ്പം ഉണ്ടായിട്ടും ആദ്യ പതിനൊന്നിൽ ഇടം പിടിക്കാൻ ബുദ്ധിമുട്ടിയ റിക്കി പുജ് ഒടുവിൽ എഫ്സി ബാഴ്സലോണയിൽ നിന്നും പുറത്തേക്ക്. കൂടുതൽ അവസരങ്ങൾ തേടി ക്ലബ്ബ് വിടാൻ നിർബന്ധിതനായിരിക്കുകയാണ് താരം.
കോച്ച് സാവിയും താരത്തോട് മറ്റ് ക്ലബുകളിൽ കളിക്കുന്നതിനെ കുറിച്ച് നിർദേശിച്ചതായാണ് വിവരങ്ങൾ.
ബെൻഫിക അടക്കമുള്ള ടീമുകൾ സ്പാനിഷ് താരത്തിൽ താൽപര്യം അറിയിച്ചതായി സ്പാനിഷ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപും ലാ ലീഗയിലെ ടീമുകൾ അടക്കം ഓഫറുമായി വന്നിരുന്നെങ്കിലും താരം ബാഴ്സ വിടാൻ തയ്യാറായിരുന്നില്ല. സാവി മാനേജർ സ്ഥാനം ഏറ്റെടുത്ത ശേഷവും ടീമിൽ സ്ഥാനം നിലനിർത്താൻ കഴിയാത്തതും താരത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.
മുൻപ് സെൽറ്റ വീഗൊ അടക്കമുള്ള ക്ലബ്ബുകൾ കരാർ നൽകാനായി മുന്നോട്ടു വന്നിരുന്നു. എന്നാൽ ടീം വിടാൻ തയ്യാറാകാതിരുന്ന താരം, പതിയെ ആദ്യ ഇലവനിലെ സ്ഥാനം നേടിയെടുക്കാൻ കഴിയുമെന്നും പ്രതീക്ഷിച്ചു. എന്നാൽ തനിക്ക് ശേഷം സീനിയർ ടീമിൽ എത്തിയ പെഡ്രി, ഗവി തുടങ്ങിയവർ ആദ്യ ഇലവനിൽ സ്ഥിരക്കാർ ആയതോടെ മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് ഈ മധ്യനിര താരം. 2018-19 സീസൺ മുതൽ ഇതുവരെ അറുപത് മത്സരങ്ങളിൽ മാത്രമെ ബാഴ്സക്ക് വേണ്ടി മൈതാനത്ത് ഇറങ്ങാനെ പുജിന് സാധിച്ചുള്ളൂ. പ്രായം അനുകൂല ഘടകം ആണെങ്കിലും തുടർന്നും ആദ്യ ഇലവനിലെ സ്ഥാനത്തിന് വേണ്ടി കാത്തിരിക്കുന്നത് കരിയറിനെ തന്നെ ബാധിച്ചേക്കുമെന്ന തിരിച്ചറിവിൽ ആണ് താരം.
ഇരുപത്തിരണ്ടുകാരന്റെ കൈമാറ്റത്തിനായി ബാഴ്സലോണയും ബെൻഫിക്കയും കഴിഞ്ഞ ആഴ്ചകളിൽ ചർച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിരം കരാറിലോ ലോണിലോ കൈമാറാൻ ബാഴ്സ തയാറാണ്. ചർച്ചകൾ പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും.