മാഡ്രിഡ് ഓപ്പണിൽ ഇതിഹാസ താരം റാഫേൽ നദാലിന് മേൽ ക്വാർട്ടർ ഫൈനലിൽ ജയം കണ്ടു യുവ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. ജയത്തോടെ മാഡ്രിഡ് ഓപ്പൺ സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്നലെ മാത്രം 19 വയസ്സ് തികഞ്ഞ അൽകാരസ് മാറി. നദാലിന്റെ പിൻകാമി എന്നു ലോകം വാഴ്ത്തുന്ന അൽകാരസ് നദാലിനെ കളിമണ്ണ് മൈതാനത്ത് തോൽപ്പിക്കുന്ന ആദ്യ ടീനേജ് താരവും ആയി.
സ്പെയിനിലെ ഏറ്റവും വലിയ ടെന്നീസ് മൈതാനത്ത് തന്റെ ഏറ്റവും വലിയ ഹീറോയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് അൽകാരസ് വീഴ്ത്തിയത്. ആദ്യ സെറ്റ് 6-2 നു അൽകാരസ് നേടിയപ്പോൾ 6-1 നു രണ്ടാം സെറ്റ് നേടിയാണ് നദാൽ തിരിച്ചടിച്ചത്. എന്നാൽ മൂന്നാം സെറ്റിൽ അൽകാരസിന്റെ ചെറുപ്പത്തിനും ഊർജത്തിനും മുന്നിൽ നദാലിന് പിടിച്ചു നിൽക്കാൻ ആയില്ല. 6-3 നു സെറ്റ് നേടിയ അൽകാരസ് സെമിഫൈനൽ ഉറപ്പിച്ചു. തുടർച്ചയായ എട്ടാം ജയം ആണ് അൽകാരസിന് ഇത്, കഴിഞ്ഞ 15 കളികളിൽ ഒരു മത്സരത്തിൽ മാത്രം ആണ് അൽകാരസ് തോൽവി അറിഞ്ഞത്.