രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു ജയിച്ചു ഇന്റർ, സീരി എയിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ കിരീട പോരാട്ടത്തിൽ വിട്ടു കൊടുക്കാൻ ഇല്ലെന്നു പ്രഖ്യാപിച്ചു ഇന്റർ മിലാൻ. എമ്പോളിക്ക് എതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് ഇന്റർ മിലാൻ മത്സരത്തിൽ ജയം കണ്ടത്. ഇതോടെ കിരീട പോരാട്ടത്തിൽ ഒരു മത്സരം കൂടുതൽ കളിച്ച ഇന്റർ മിലാൻ എ.സി മിലാനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തി. നിലവിൽ എ.സി മിലാനെക്കാൾ ഒരു പോയിന്റ് മുന്നിൽ ആണ് ഇന്റർ മിലാൻ. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ എമ്പോളി ഇന്ററിനെ ഞെട്ടിച്ചു. സുർകോവ്സികിയുടെ പാസിൽ നിന്നു ആന്ദ്രയ പിനമൗണ്ടിയാണ് എമ്പോളിയുടെ ആദ്യ ഗോൾ നേടിയത്. 28 മത്തെ മിനിറ്റിൽ റിക്കാർഡോ ഫിയമോസിയുടെ ലോങ് ബോൾ ഇന്റർ പ്രതിരോധത്തെ മറികടന്നപ്പോൾ ക്രിസ്റ്റിയൻ അസ്‌ലാനി എമ്പോളിക്ക് രണ്ടാം ഗോളും സമ്മാനിച്ചു.

Screenshot 20220507 025951

തുടർന്ന് ഉണർന്നു കളിക്കുന്ന ഇന്ററിനെ ആണ് കാണാൻ ആയത്. മത്സരത്തിൽ മൊത്തം 37 ഷോട്ടുകൾ ഉതിർത്ത ഇന്ററിന്റെ ഒരു ശ്രമം ബാറിൽ ഇടിച്ചും മടങ്ങി. 40 മത്തെ മിനിറ്റിൽ ഡിമാർകോയുടെ ക്രോസ് എമ്പോളി താരം സിമോൺ റോമഗ്നോലിയുടെ കാലിൽ തട്ടി ഗോൾ ആയതോടെ ഇന്റർ മത്സരത്തിൽ തിരിച്ചു വന്നു. രണ്ടാം പകുതിക്ക് തൊട്ടു മുമ്പ് ബരെല്ല ഒരുക്കിയ അവസരത്തിൽ ഹകൻ ചാഹനോലുവിന്റെ പാസിൽ ഗോൾ കണ്ടത്തിയ ലൗടാരോ മാർട്ടിനസ് ഇന്ററിന് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ബരെല്ലയുടെ ക്രോസ് എമ്പോളി പ്രതിരോധം തടഞ്ഞെങ്കിലും വീണു കിട്ടിയ അവസരം ഗോളാക്കിയ ലൗടാരോ മാർട്ടിനസ് ഇന്ററിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. സീസണിൽ താരത്തിന്റെ 22 മത്തെ ഗോൾ ആയിരുന്നു ഇത്. കരിയറിലെ ഏറ്റവും മികച്ച ഗോൾ വേട്ടയാണ് അർജന്റീന താരത്തിന് ഇത്. ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ചെക്കോയുടെ ലോ ക്രോസിൽ നിന്നു വിദാലിന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാനായി ഇറങ്ങിയ അലക്സിസ് സാഞ്ചസ് ഇന്ററിന്റെ ജയം അവസാനം ഉറപ്പിക്കുക കൂടി ചെയ്തു.