രഞ്ജി ട്രോഫിയിൽ നാലാം ദിനം നാടകീയമായി വിജയം സ്വന്തമാക്കി കേരളം. ഇന്ന് ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോൾ കേരളത്തിന് 41 ഓവറിൽ 214 റൺസ് വേണമായിരുന്നു വിജയിക്കാൻ. രോഹൻ എസ് കുന്നുമ്മലിന്റെ സമ്മർദ്ദങ്ങൾ അതിജീവിച്ചു കൊണ്ടുള്ള ബാറ്റിംഗ് കേരളത്ത 36ആം ഓവറിലേക്ക് വിജയത്തിൽ എത്തിച്ചു. എട്ടു വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.
രോഹൻ എസ് കുന്നുമ്മൽ ഇന്ന് 83 പന്തിൽ ആണ് സെഞ്ച്വറി നേടിയത്. താരം 87 പന്തിൽ നിന്ന് 106 റൺസ് എടുത്ത് പുറത്താകാതെ നിന്നു. രോഹന്റെ തുടർച്ചയായി മൂന്നാം സെഞ്ച്വറി ആണിത്. തുടർച്ചയായ മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമായി രോഹൻ മാറി. ആദ്യ ഇന്നിങ്സിൽ താരം 129 റൺസും എടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ മേഘാലയക്ക് എതിരെയും രോഹൻ സെഞ്ച്വറി നേടിയിരുന്നു.
ഇന്ന് സച്ചിൻ ബേബി 53 റൺസ് എടുത്ത് രോഹന് മികച്ച പിന്തുണ നൽകി. അവസാനം 30 പന്തിൽ 28 റൺസ് എടുത്ത് പുറത്താകാതെ നിന്ന് സൽമാൻ നിസാറും കേരളത്തിനായി മികച്ച പ്രകടനം നടത്തി.
രണ്ടാം ഇന്നിങ്സ് ഇന്ന് 128/5 എന്ന നിലയിൽ തുടങ്ങിയ ഗുജറാത്തിനെ കേരളം 264 റൺസിനാണ് ഉച്ചയ്ക്ല് ആൾ ഔട്ട് ആക്കിയത്. ആറാം വിക്കറ്റിൽ ഗുജറാത്ത് 138 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 222 റൺസിൽ നിൽക്കെ കരൺ പട്ടേലിനെ സിജോമോൻ വീഴ്ത്തിയത് കളിയിൽ വഴിത്തിരിവായി.
കരൺ പട്ടേൽ 81 റൺസ് എടുത്തിരുന്നു. പിന്നാലെ 70 റൺസ് എടുത്ത ഉമാങിനെ ജലജ് സക്സേനയും പുറത്താക്കി. കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റുകളും, സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റുകളു വീഴ്ത്തി. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സിൽ രോഹന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ച്വറി ഇന്നിങ്സിന്റെ ബലത്തിൽ കേരളം 439 റൺസ് നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ഇതോടെ കേരളത്തിന് 13 പോയിന്റായി. മാർച്ച് 3ന് മധ്യപ്രദേശിനെ തോൽപ്പിച്ചാൽ കേരളത്തിന് ക്വാർട്ടറിൽ എത്താം.