ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന വോൾവ്സിന് ലെസ്റ്റർ സിറ്റിക്ക് എതിരെ നിർണായക ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വോൾവ്സ് ലെസ്റ്റർ സിറ്റിയെ മറികടന്നത്. മത്സരത്തിൽ മുൻതൂക്കം ലെസ്റ്ററിന് ആയിരുന്നു എങ്കിലും ജയം പിടിച്ചെടുത്ത വോൾവ്സ് ടോട്ടൻഹാമിനെ മറികടന്നു ലീഗിൽ ഏഴാം സ്ഥാനത്ത് എത്തി. ഒമ്പതാം മിനിറ്റിൽ റൗൾ ഹിമനസ് നൽകിയ പന്തിൽ നിന്നു ലോങ് റേഞ്ചറിലൂടെ റൂബൻ നെവസ് ആണ് വോൾവ്സിന് ആദ്യ ഗോൾ സമ്മാനിച്ചത്.
എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ലെസ്റ്റർ മത്സരത്തിൽ സമനില കണ്ടത്തി. ആൽബ്രൈറ്റന്റെ പാസിൽ നിന്നു ലുക്മാൻ ആണ് ലെസ്റ്ററിന് ആയി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഡന്റൻക്കറിന്റെ പാസിൽ നിന്നു അതുഗ്രൻ ലോങ് റേഞ്ചറിലൂടെ ഷെയ്മക്കലിനെ മറികടന്ന ഡാനിയേൽ പോഡൻസ് വോൾവ്സിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. പരിക്കിൽ നിന്നു മടങ്ങി വന്ന പോഡൻസിന്റെ സീസണിലെ ലീഗിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. 29 മത്സരങ്ങൾക്ക് ശേഷം ആണ് താരം പ്രീമിയർ ലീഗിൽ ഗോൾ കണ്ടത്തുന്നത്. പിന്നീട് ഗോൾ നേടാനുള്ള ലെസ്റ്റർ ശ്രമങ്ങൾ വോൾവ്സ് പ്രതിരോധവും ഗോൾ കീപ്പർ ജോസെ സായും പ്രതിരോധിച്ചു. ഇതോടെ വോൾവ്സ് നിർണായക ജയം സ്വന്തം പേരിൽ കുറിച്ചു.