2 ഗോളുകൾ, ഹാട്രിക് അസിസ്റ്റുകൾ മാർകോ റൂയിസ് ഷോ! ആറാടി ബൊറൂസിയ ഡോർട്ട്മുണ്ട്!

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബൊറൂസിയ മക്ലബാക്കിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്തു ബൊറൂസിയ ഡോർട്ട്മുണ്ട്. യൂറോപ്പ ലീഗിലെ ഞെട്ടിക്കുന്ന പരാജയത്തിന് ശേഷം ഇതോടെ വിജയവഴിയിൽ തിരിച്ചു വരാൻ അവർക്ക് ആയി. ജയത്തോടെ ഒന്നാമതുള്ള ബയേണും ആയുള്ള പോയിന്റ് വ്യത്യാസം ആറു ആയി നിലനിർത്താൻ അവർക്ക് ആയി. മാർകോ റൂയിസിന്റെ മികവ് ആണ് അവർക്ക് വലിയ ജയം സമ്മാനിച്ചത്. 26 മത്തെ മിനിറ്റിൽ മാർകോ റൂയിസിലൂടെയാണ് ഡോർട്ട്മുണ്ട് ഗോൾ വേട്ട തുടങ്ങിയത്. 6 മിനിട്ടുകൾക്ക് ശേഷം ഒരു പ്രത്യാക്രമണത്തിൽ റൂയിസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മലൻ അവരുടെ ലീഡ് ഇരട്ടിയാക്കി.

20220221 012026

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാരിയസ് വോൾഫ്‌ നേടിയ ഗോളും റൂയിസ് ആണ് ഒരുക്കിയത്. 3 മിനിട്ടുകൾക്ക് ശേഷം മറ്റൊരു പകരക്കാരൻ മൗകോക്ക നേടിയ ഗോളിനും വഴി ഒരുക്കിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ റൂയിസ് ഹാട്രിക് അസിസ്റ്റുകൾ പൂർത്തിയാക്കി. 81 മത്തെ മിനിറ്റിൽ ഹമ്മൽസിന്റെ ത്രൂ ബോളിൽ നിന്നു തന്റെ രണ്ടാം ഗോളും കണ്ടത്തിയ റൂയിസ് ഡോർട്ട്മുണ്ടിന്റെ അഞ്ചാം ഗോളും നേടി. ഇഞ്ച്വറി സമയത്ത് വോൾഫിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എമറെ ചാൻ ആണ് ഡോർട്ട്മുണ്ട് ജയം പൂർത്തിയാക്കിയത്. പെനാൽട്ടി നേടി ഹാട്രിക് ഗോളുകൾ നേടാനുള്ള അവസരം റൂയിസ് എടുത്തില്ല എന്നത് ശ്രദ്ധേയമായി. തന്റെ പഴയ ക്ലബിന് എതിരെ അവിശ്വസനീയ പ്രകടനം ആണ് മാർകോ റൂയിസ് ഇന്ന് പുറത്ത് എടുത്തത്.