വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഛത്തീസ്ഗഡിനെ നേരിട്ട കേരളം അഞ്ചു വിക്കറ്റിന്റെ വിജയമാണ് നേടിയത്. 190 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം 35ആം ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ടീമിലേക്ക് തിരികെ എത്തിയ വിനൂപ മനോഹരന്റെ പക്വതയാർന്ന ഇന്നിങ്സ് ആണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. 72 പന്തിൽ 54 റൺസ് എടുത്ത് വിനൂപ് പുറത്താകാതെ നിന്നു. 9 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു വിനൂപ്പിന്റെ ഇന്നിങ്സ്. നേരത്തെ വിനൂപ് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
ഇന്ന് ഓപ്പണർമാർ കേരളത്തിന് നല്ല തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 82 റൺസ് കൂട്ടിചേർക്കാൻ രോഹനും അസറുദ്ദീനും കൂടെ ആയി. രോഹൻ 36 റൺസും അസറുദ്ദീൻ 45 റൺസും എടുത്ത് പുറത്തായി. ക്യാപ്റ്റൻ സഞ്ജു (0), സച്ചിൻ ബേബി (4) എന്നിവർ പെട്ടെന്ന് കളം വിട്ടപ്പോൾ കേരളം പ്രതിരോധത്തിലായി. 82-0 എന്ന നിലയിൽ നിന്ന് 89-4 എന്ന നിലയിലേക്കായ കേരളത്തെ വിനൂപ് ആണ് കരകയറ്റിയത്. 27 റൺസ് എടുത്ത് പുറത്തായ സിജോമോനും 26 റൺസ് എടുത്ത വിഷ്ണു വിനോദിനും ഒപ്പം ചേർന്ന് വിനൂപ് കേരളത്തെ വിജയത്തിലേക്ക് നയിച്ചു.
ആദ്യം ബാറ്റു ചെയ്ത ഛത്തീസ്ഗഡഡിനെ
189 റൺസിന് എറിഞ്ഞിടാൻ കേരളത്തിനായിരുന്നു. സിജോമോൻ ജോസഫിന്റെ കേരളത്തിനായുള്ള കരിയർ ബെസ്റ്റ് ബൗളിംഗ് ആണ് ഇന്ന് കേരളത്തിന് കരുത്തായത്. 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റാണ് സിജോമൊൻ വീഴ്ത്തിയത്. ഇന്നലെ സിജോ മോൻ ബാറ്റു കൊണ്ട് 71 റൺസ് എടുത്ത് പുറത്താകാതെ നിന്ന് മഹാരാഷ്ട്രയ്ക്ക് എതിരായ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ഇന്ന് സിജോമോനെ കൂടെ നിധീഷ്, ബേസിൽ തമ്പി എന്നിവർ 2 വിക്കറ്റു വീതവും വിനൂപ് മനോഹരൻ ഒരു വിക്കറ്റും വീഴ്ത്തി. ഛത്തീസ്‌ഗഡിനായി 98 റൺസ് എടുത്ത ഹപ്രീത് സിങ് മാത്രമാണ് നന്നായി ബാറ്റു ചെയ്തത്.
ഈ ജയത്തോടെ 12 പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ജയ. കേരളത്തിന്റെ നെറ്റ് റൺ റേറ്റും ഉയർത്തി.