സ്പാനിഷ് ലാ ലീഗയിൽ തോൽവിയിൽ നിന്നു അവസാന നിമിഷം രക്ഷപ്പെട്ടു സെവിയ്യ. അലാവസിനോട് 2-2 നു സമനില വഴങ്ങിയ അവർ 92 മത്തെ മിനിറ്റിൽ ഇവാൻ റാകിറ്റിച്ച് നേടിയ ഗോളിന് ആണ് രക്ഷപ്പെട്ടത്. സമനില വഴങ്ങിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ലീഗിൽ സോസിദാഡിനെ മറികടന്നു ഒന്നാമത് ആവാനും അവർക്ക് ആയി. മത്സരത്തിൽ സെവിയ്യ വലിയ ആധിപത്യം പുലർത്തിയെങ്കിലും ടോണി മോയയുടെ കോർണറിൽ നിന്നു വിക്ടർ നേടിയ അഞ്ചാം മിനിറ്റിലെ ഗോളിൽ അവർ പിറകിൽ പോയി.
എന്നാൽ തുടർന്ന് അർജന്റീനൻ താരങ്ങൾ ഒരുമിച്ചപ്പോൾ 38 മത്തെ മിനിറ്റിൽ ഗോൺസാലോ മോന്റിനലിന്റെ പാസിൽ നിന്നു ലൂക്കാസ് ഒക്കാമ്പോസ് സെവിയ്യക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബോക്സിൽ ഒക്കാമ്പോസ് ഹാന്റ് ബോൾ വഴങ്ങിയപ്പോൾ വാർ പെനാൽട്ടി അനുവദിച്ചു. പെനാൽട്ടി ലക്ഷ്യം കണ്ട ജോസലു സെവിയ്യയെ വീണ്ടും സമ്മർദ്ദത്തിലാക്കി. തുടർന്ന് സെവിയ്യ പരാജയം മണത്തു എങ്കിലും 92 മത്തെ മിനിറ്റിൽ റാകിടിച്ച് ടീമിന്റെ രക്ഷകനായി അവതരിക്കുക ആയിരുന്നു.