ജയവുമായി അറ്റലാന്റ ആദ്യ നാലിൽ

Wasim Akram

ഇറ്റാലിയൻ സീരി എയിൽ നിർണായക ജയവുമായി അറ്റലാന്റ. കാഗ്‌ലാരിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അറ്റലാന്റ വീഴ്ത്തിയത്. മത്സരത്തിൽ വലിയ മുൻതൂക്കം ആണ് അറ്റലാന്റ പുലർത്തിയത്. 67 ശതമാനം പന്ത് കൈവശം വച്ച അവർ 21 ഷോട്ടുകളും ഉതിർത്തു. ആറാം മിനിറ്റിൽ തന്നെ സപ്പകോസ്റ്റയുടെ പാസിൽ നിന്നു മരിയോ പാസാലിച് വഴി അറ്റലാന്റ ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്.

എന്നാൽ 26 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഡീഗോ ഗോഡിന്റെ പാസിൽ നിന്നു ജോ പെഡ്രോ എതിരാളികൾക്ക് സമനില നൽകിയതോടെ അറ്റലാന്റ ഞെട്ടി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുമ്പ് ഗോൾ കണ്ടത്തി ടീമിന്റെ മുൻതൂക്കം തിരിച്ചു പിടിച്ച സീസണിൽ ഉഗ്രൻ ഫോമിലുള്ള സപാറ്റ അറ്റലാന്റെക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ലീഗിൽ അവസാനക്കാർ ആണ് എങ്കിലും കൂടുതൽ ഗോൾ വഴങ്ങാൻ എതിരാളികൾ തയ്യാറായില്ല. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറാൻ അറ്റലാന്റക്ക് ആയി.