പാരീസ് മാസ്റ്റേഴ്സിൽ സെമി ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. അമേരിക്കൻ യുവതാരം ടൈയ്‌ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ജ്യോക്കോവിച്ച് സെമി ഉറപ്പിച്ചത്. 8 ഏസുകൾ ഉതിർത്തു എങ്കിലും 3 തവണയാണ് മത്സരത്തിൽ ജ്യോക്കോവിച്ച് ബ്രൈക്ക് വഴങ്ങിയത്. എന്നാൽ 5 തവണ എതിരാളിയുടെ സർവീസ് സെർബിയൻ താരം ബ്രൈക്ക് ചെയ്തു. 6-4 നു ആദ്യ സെറ്റ് നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കിയാണ് അവസാന നാലിൽ ഇടം പിടിച്ചത്. ജ്യോക്കോവിച്ചിന്റെ 71 മത്തെ എ.ടി.പി മാസ്റ്റേഴ്സ് സെമിഫൈനൽ ആണ് ഇത്. ലോക ഒന്നാം നമ്പർ ആയി ഏറ്റവും കൂടുതൽ എ.ടി.പി മത്സരങ്ങൾ ജയിച്ച റെക്കോർഡും ജ്യോക്കോവിച്ച് ഇന്ന് സ്വന്തമാക്കി. ഒന്നാം നമ്പറായി 418 മത്തെ ജയം ആയിരുന്നു ജ്യോക്കോവിച്ചിനു ഇത്.
ഓസ്‌ട്രേലിയൻ താരം ജെയിംസ് ഡക്വോർത്തിനെ തോൽപ്പിച്ചു വരുന്ന ഏഴാം സീഡ് പോളണ്ടിന്റെ ഉമ്പർട്ട് ഹുർകാഷ് ആണ് സെമിയിൽ ജ്യോക്കോവിച്ചിന്റെ എതിരാളി. മൂന്നു സെറ്റ് പോരാട്ടത്തിൽ രണ്ടാം സെറ്റ് ടൈബ്രേക്കറും മത്സരത്തിൽ കണ്ടു. ആദ്യ സെറ്റ് 6-2 നു നേടിയ ഹുർകാഷ് രണ്ടാം സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടു. മൂന്നാം സെറ്റിൽ അവസാന ബ്രൈക്ക് കണ്ടത്തി 7-5 നു സെറ്റ് നേടി താരം സെമി ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 17 ഏസുകൾ ആണ് ഹുർകാഷ് ഉതിർത്തത്. ജയത്തോടെ എ.ടി.പി ഫൈനൽസിലേക്ക് എട്ടാമനായി യോഗ്യത നേടാനും താരത്തിന് സാധിച്ചു.