ബാഴ്സലോണയുടെ യുവതാരം അലക്സ് കൊലാഡോ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ സാധ്യത എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 22കാരനായ അലക്സ് കൊലാഡോയെ ആദ്യം ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം നിലനിർത്തും എന്ന് പറഞ്ഞിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ താരത്തെ ഇംഗ്ലീഷ് ക്ലബായ ഷെഫീൽഡിലേക്ക് ലോണിൽ അയക്കാൻ ക്ലബ് ശ്രമിച്ചു. എന്നാൽ ആ ശ്രമം അവസാനം പരാജയപ്പെട്ടു. താരത്തെ ആണെങ്കിൽ ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം രജിസ്റ്റർ ചെയ്തതുമില്ല. ഇതോടെ താരം കളിക്കാൻ ഒരു ക്ലബും ഇല്ലാത്ത ദുരവസ്ഥയിൽ ആയി.
തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് തന്നെ ഒരു ക്ലബും ഇല്ലാത്ത അവസ്ഥയിൽ ബാഴ്സലോണ തന്നെ ആക്കിയതിൽ താരം തീർത്തും നിരാശനാണ് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരാശ കാരണം ഫുട്ബോളിൽ നിന്ന് തന്നെ വിരമിക്കാൻ താരം ആലോചിക്കുന്നതായും വാർത്തകൾ ഉണ്ട്. താരം ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കും എന്ന വാർത്ത വന്നതോടെ ബാഴ്സലോണ പ്രസിഡന്റ് ലപർട താരവുമായി ചർച്ചകൾ നടത്തി. ബാഴ്സലോണ താരത്തിന്റെ അവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടെത്തി നൽകും എന്ന് ലപോർട വാക്കു കൊടുത്തിട്ടുണ്ട്.
ബാഴ്സലോണ ഇപ്പോൾ താരത്തെ ഫസ്റ്റ് ടീമിലേക്ക് രജിസ്റ്റർ ചെയ്യാൻ ലാലിഗയോടെ പ്രത്യേക പെർമിഷൻ ചോദിച്ചിരിക്കുകയാണ്. ഇത് നടന്നില്ല എങ്കിൽ ട്രാൻസ്ഫർ വിൻഡോ ഇനിയും അടക്കാത്ത ഏതെങ്കിലും രാജ്യങ്ങളിലേക്ക് താരത്തിനെ ലോണിൽ അയക്കാനും ശ്രമിക്കും. ബാഴ്സലോണ ബി ടീമിൽ കളിക്കാൻ തനിക്ക് താല്പര്യമില്ല എന്ന് കൊലാഡോ പറഞ്ഞിട്ടുണ്ട്. ബാഴ്സലോണക്ക് ഒപ്പം തന്റെ പത്താം വയസ്സു മുതൽ ഉള്ള താരമാണ് കൊലാഡോ.