യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി റഷ്യൻ താരവും അഞ്ചാം സീഡും ആയ ആന്ദ്ര റൂബ്ലേവ്. പരിചയസമ്പന്നനായ ക്രൊയേഷ്യൻ താരം ഇവോ കാർലോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റൂബ്ലേവ് തകർത്തത്. ഒന്നും മൂന്നും സെറ്റുകളിൽ ഓരോ ബ്രൈക്ക് കണ്ടത്തിയ റൂബ്ലേവ് രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെയാണ് നേടിയത്. 6-3, 7-6, 6-3 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം. സീഡ് ചെയ്യാത്ത എതിരാളിയായ റികാർഡസിനെ 7-5, 6-3, 6-3 എന്ന സ്കോറിന് തകർക്കുക ആയിരുന്നു പതിനൊന്നാം സീഡ് ആയ അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ. മത്സരത്തിൽ 5 തവണയാണ് അർജന്റീനൻ താരം എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്.
റഷ്യൻ താരം ഡോൺസ്കോയിക്കു എതിരെ അത്യാവശ്യം നല്ല വെല്ലുവിളി ആണ് 12 സീഡ് ആയ കനേഡിയൻ താരം ഫെലിക്സ് ആഗർ അലിയാസ്മെ നേരിട്ടത്. മൂന്നു ടൈബ്രേക്കറുകൾ കണ്ട 4 സെറ്റ് മത്സരത്തിൽ മൂന്നു ടൈബ്രേക്കറുകളും നേടിയാണ് ഫെലിക്സ് ജയം കണ്ടത്. 7-6, 3-6, 7-6, 7-6 എന്ന സ്കോറിന് ആയിരുന്നു ഫെലിക്സിന്റെ ജയം. ഒരേ ഒരു തവണ ബ്രൈക്ക് നേടിയ ഫെലിക്സ് രണ്ടു തവണ ബ്രൈക്ക് വഴങ്ങുകയും ചെയ്തു. 23 സീഡ് ആയ ഫ്രഞ്ച് യുവ താരം ഉഗോ ഉമ്പർട്ട് ആദ്യ റൗണ്ടിൽ പുറത്തായി. സീഡ് ചെയ്യാത്ത ജർമ്മൻ താരം പീറ്റർ ഗോജോവ്സ്ക് ആണ് ഉമ്പർട്ടിനെ 5 സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. സ്കോർ : 1-6, 6-1, 6-2, 5-7, 6-4.