യു.എസ് ഓപ്പണിൽ മികച്ച തുടക്കവുമായി ഹാലപ്പും മുഗുരുസയും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് തുടക്കമായ സീസണിലെ അവസാനത്തെ ഗ്രാന്റ് സ്‌ലാം ആയ യു.എസ് ഓപ്പണിൽ മികച്ച തുടക്കവുമായി മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലപ്പ്. പരിക്ക് കാരണം ദീർഘകാലം ടെന്നീസിൽ നിന്നു വിട്ടു നിന്ന റൊമാനിയൻ താരം പന്ത്രണ്ടാം സീഡ് ആയാണ് യു.എസ് ഓപ്പണിനു എത്തിയത്. ഇറ്റലിയുടെ സീഡ് ചെയ്യാത്ത യുവ സൂപ്പർ താരം കാമില ജിയോർജിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഹാലപ്പ് തോൽപ്പിച്ചത്. മികച്ച ഫോമിലുള്ള കാമിലയെ 6-4, 7-6 എന്ന സ്കോറിന് ഹാലപ്പ് മറികടന്നു. 2 തവണ ബ്രൈക്ക് വഴങ്ങിയ ഹാലപ്പ് 3 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും മത്സരം രണ്ടാം സെറ്റിൽ തന്നെ ഹാലപ്പ് സ്വന്തമാക്കി. ആഷ് ബാർട്ടി, നയോമി ഒസാക്ക എന്നിവരെ വെല്ലുവിളിക്കുക എന്നത് തന്നെയാണ് മടങ്ങിവരവിൽ ഹാലപ്പിന്റെ ലക്ഷ്യം.

അതേസമയം ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെ രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തിയാണ് സ്പാനിഷ് താരം ഒമ്പതാം സീഡ് ഗബ്രീൻ മുഗുരുസ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. കടുത്ത പോരാട്ടത്തിൽ ടൈബ്രേക്കറുകളിൽ ആണ് മുഗുരുസ സെറ്റ് കയ്യിലാക്കിയത്. മറ്റൊരു മത്സരത്തിൽ അമേരിക്കൻ താരങ്ങളുടെ പോരാട്ടം മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സ്ലൊനെ സ്റ്റീഫൻസ് ജയിച്ചു. മാഡിസൺ കീയ്സിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് സ്റ്റീഫൻസ് വീഴ്‌ത്തിയത്. 6-3 ആദ്യ സെറ്റ് നേടിയ സ്റ്റീഫൻസ് രണ്ടാം സെറ്റ് 6-1 കൈവിട്ടു. ടൈബ്രേക്കറു വരെ നീണ്ട മൂന്നാം സെറ്റിൽ പക്ഷെ തന്റെ പോരാട്ടവീര്യത്തിലൂടെ കടുത്ത പോരാട്ടം അതിജീവിച്ചാണ് സ്റ്റീഫൻസ് ജയം കണ്ടത്.