‘കളിക്കാൻ അവസരം ഉള്ളിടത്തേക്ക് പോവാൻ ആണ് താൽപ്പര്യം’ ആഴ്‌സണലിനെതിരെ നൈൽസ്

Screenshot 20210831 020924

കളിക്കാൻ അവസരം ലഭിക്കാത്ത നിരാശ സാമൂഹിക മാധ്യമത്തിൽ പരസ്യമാക്കി ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം ആഷ്‌ലി മറ്റ്ലാന്റ് നൈൽസ്. തന്നെ വേണ്ട സ്ഥലത്ത് തനിക്ക് കളിക്കാൻ അവസരം കിട്ടുന്നിടത്ത് പോവാൻ ആണ് താൽപ്പര്യം എന്നു പരസ്യമാക്കിയ നൈൽസ് ആഴ്‌സണലിൽ താൻ സന്തോഷവാൻ അല്ലെന്ന് പരസ്യമാക്കി. കഴിഞ്ഞ സീസണിൽ അവസാന ആറു മാസം വെസ്റ്റ് ബ്രോമിനു ആയി വായ്പ അടിസ്‌ഥാനത്തിൽ ആണ് കളിച്ചത്. ആഴ്‌സണലിൽ പലപ്പോഴും പകരക്കാരൻ ആയി ഒതുക്കപ്പെടുന്നത് ആണ് താരത്തെ പ്രകോപിപ്പിച്ചത്.

ആഴ്‌സണൽ നൈൽസിന് ആയുള്ള എവർട്ടണിന്റെ വായ്പ ഡീൽ നിരസിച്ചതിന് പിറകെയാണ് നൈൽസ് പരസ്യപ്രതികരണവും ആയി എത്തിയത്. സീസണിൽ 2 മത്സരങ്ങളിൽ പകരക്കാരൻ ആയി ഏതാനും മിനിറ്റുകൾ ആണ് നൈൽസ് കളിച്ചത്. മുമ്പും ആഴ്‌സണലിൽ പകരക്കാരുടെ ബെഞ്ചിൽ ഇരുന്നു കരിയർ അവസാനിപ്പിക്കാൻ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ച താരമാണ് 23 കാരനായ നൈൽസ്. നേരത്തെ ആഴ്‌സണൽ തങ്ങളുടെ മറ്റൊരു യുവ അക്കാദമി താരമായ ജോ വില്ലോക്കിനെ ന്യൂ കാസ്റ്റിലിന് വിറ്റിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കത്തിലൂടെ കടന്നു പോവുന്ന ആഴ്‌സണലിന് നൈൽസ് പുതിയ തലവേദന ആണ്. മറ്റൊരു അക്കാദമി താരത്തെ കൂടി വിൽക്കുന്നത് ആരാധകരെ പ്രകോപിക്കും എന്നുറപ്പാണ്. മൈക്കിൾ ആർട്ടെറ്റ കളത്തിൽ ഇറക്കുന്ന പല താരങ്ങളെക്കാൾ ആഴ്‌സണലിൽ കളിക്കാൻ നൈൽസ് യോഗ്യമാണ് എന്നു വിശ്വസിക്കുന്നവർ ആണ് വലിയ വിഭാഗം ആഴ്‌സണൽ ആരാധകരും.

Previous articleഅനായാസ ജയവുമായി റൂബ്ലേവും ഷ്വാർട്ട്സ്മാനും, പൊരുതി നേടി ഫെലിക്‌സ്
Next articleകമാവിംഗയെ സ്വന്തമാക്കി റയൽ മാഡ്രിഡ്