കോഴിക്കോട്, ഓഗസ്റ്റ് 25: ഗോകുലം കേരള എഫ്സി വരാനിരിക്കുന്ന സീസണിലേക്കായി 30 കാരനായ മിഡ്ഫീൽഡർ ചാൾസ് ആനന്ദരാജ് ലൗർദുസാമിയെ ടീമിൽ എത്തിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നുള്ള പരിചയസമ്പന്നനായ മിഡ്ഫീൽഡർ, നാലുവർഷമായി ഐലീഗ് ടീമായ ചെന്നൈ സിറ്റി എഫ്സിയുടെ നെടുംതൂണായിരുന്നു. 13 -ആം വയസ്സിൽ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ച ചാൾസ് എൻഎൽസി സ്പോർട്സ് നെയ്വേലി അക്കാദമിയിലൂടെ ആണ് വളർന്നു വന്നത്.
വിവിധ ഏജ് ഗ്രൂപ്പുകളിൽ അദ്ദേഹം തമിഴ്നാടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. തമിഴ്നാട് സന്തോഷ് ട്രോഫി ടീമിലും താരം കളിച്ചിരുന്നു. റെയിൽവേ ജീവനക്കാരനായ അദ്ദേഹം സന്തോഷ് ട്രോഫിയിലും റെയിൽവേയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറാണ്. ഐ-ലീഗിൽ 47-ലധികം മത്സരങ്ങളുടെ അനുഭവം ഉള്ളതാരം ഈ സീസണിൽ ഐലീഗിലും ഡ്യൂറാൻഡ് കപ്പിലും കിരീടം പ്രതിരോധിക്കാൻ ശ്രമിക്കുന്ന വിൻസെൻസോയുടെ സ്ക്വാഡിന് കരുത്താകും.
“ഗോകുലം കേരളയിൽ എത്തുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഐ-ലീഗ്, ഡ്യൂറാൻഡ് കപ്പ് എന്നിവയ്ക്കായി ടീം നന്നായി തയ്യാറെടുക്കുന്നു. ഈ വർഷം രണ്ട് ടൂർണമെന്റുകളും വിജയിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ”ചാൾസ് പറഞ്ഞു.
“ചാൾസ് ഒരു പരിചയസമ്പന്നനായ കളിക്കാരനാണ്, ഈ വർഷം ഞങ്ങളുടെ ടീമിന് വളരെ ഉപയോഗപ്രദമാകും. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു, ”ഗോകുലം കേരള എഫ്സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.