സൂപ്പർ കപ്പ്: കെപയെ ഇറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു

Staff Reporter

സൂപ്പർ കപ്പ് ഫൈനലിൽ പെനാൽറ്റി പെനാൽറ്റി ഷൂട്ട് ഔട്ടിന് വേണ്ടി എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ മെൻഡിയെ മാറ്റി കെപയെ ഇറക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ചതാണെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. എക്സ്ട്രാ ടൈമിന്റെ അവസാന മിനുട്ടിൽ ഇറങ്ങിയ കെപ പെനാൽറ്റി ഷൂട്ട് ഔട്ടിൽ രണ്ട് വിയ്യറയൽ താരങ്ങളുടെ പെനാൽറ്റി രക്ഷപെടുത്തി ചെൽസിക്ക് സൂപ്പർ കപ്പ് കിരീടം നേടികൊടുത്തിരുന്നു.

താൻ ചെൽസി പരിശീലകനായി ചുമതലയേറ്റ ആദ്യ കപ്പ് മത്സരത്തിന് മുൻപ് തന്നെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കെപയാണ് മികച്ച പ്രകടനം നടത്തുന്നതെന്ന് ഗോൾ കീപ്പിങ് പരിശീലകൻ തന്നെ അറിയിച്ചിരുന്നതായും തോമസ് ടൂഹൽ പറഞ്ഞു. ഈ തീരുമാനം നേരത്തെ ചെൽസി ഒന്നാം നമ്പർ ഗോൾ കീപ്പർ മെൻഡിയെ അറിയിച്ചിരുന്നെന്നും താരം അതിന് തയ്യാറായിരുന്നു എന്നും ടൂഹൽ പറഞ്ഞു.