പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ച് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്കിയ മത്സരത്തിൽ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷാ(49), സഞ്ജു സാംസൺ(46), സൂര്യകുമാര്‍ യാദവ്(40) എന്നിവര്‍ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ സാധിച്ചില്ല. 43.1 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു.
ശ്രീലങ്കന്‍ ബൗളിംഗ് നിര കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇന്ത്യ 195/8 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 9ാം വിക്കറ്റിൽ രാഹുല്‍ ചഹാറും നവ്ദീപ് സൈനിയും ചേര്‍ന്ന് നേടിയ 29 റൺസാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.
അകില ധനന്‍ജയയും പ്രവീൺ ജയവിക്രമയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദുഷ്മന്ത ചമീര രണ്ട് വിക്കറ്റിനുടമയായി. ജയത്തിനായി ശ്രീലങ്ക 47 ഓവറിൽ 227 റൺസാണ് നേടേണ്ടത്. ഇന്ത്യയുടെ ഇന്നിംഗ്സിനിടെ മഴ പെയ്തതിനാൽ മത്സരം 47 ഓവറായി ചുരുക്കുകയായിരുന്നു.