വിംബിൾഡൺ ആദ്യ റൗണ്ടിൽ സെറീന വില്യംസ് പരിക്കേറ്റു പുറത്ത് പോയതിനു പിറകെ രണ്ടാം റൗണ്ടിൽ വീണു സഹോദരി വീനസ് വില്യംസ്. 21 സീഡ് ആയ ടുണീഷ്യൻ താരം ഒൻസ് ജബ്യുർ ആണ് വീനസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. ആദ്യ സെറ്റിൽ പിടിച്ചു നിന്ന വീനസ് മികച്ച പോരാട്ടം ആണ് സെറ്റിൽ നൽകിയത്. എന്നാൽ സെറ്റ് 7-5 നു വീനസ് കൈവിട്ടു. രണ്ടാം സെറ്റിൽ ടുണീഷ്യൻ താരത്തിന് മുന്നിൽ പൊരുതാൻ പോലും വീനസിന് ആയില്ല. 6-0 നു സെറ്റ് നേടിയ 21 സീഡ് മൂന്നാം റൗണ്ട് ഉറപ്പിച്ചു. മൂന്നാം റൗണ്ടിൽ 2017 ലെ വിംബിൾഡൺ ജേതാവ് ഗബ്രീൻ മുഗുരുസ ആണ് ഒൻസിന്റെ എതിരാളി. 11 സീഡ് ആയ മുഗുരുസ ഉജ്ജ്വല ഫോമിലാണ്. ഇന്ന് വെറും ഒരു മണിക്കൂറിൽ ലെസ്ലിയെ 6-1, 6-4 എന്ന സ്കോറിന് മുഗുരുസ തകർത്തു. രണ്ടാം സെറ്റിൽ 4-2 ൽ നിന്നായിരുന്നു മുഗുരുസയുടെ തിരിച്ചു വരവ്. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത മുഗുരുസ 4 ബ്രൈക്കുകളും നേടി.
മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ഏഴാം സീഡ് ആയ ഇഗ സ്വിയാറ്റക് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം റൗണ്ടിൽ വെര സോനാവരെയെ തകർത്തത്. 5 തവണ ബ്രൈക്ക് കണ്ടത്തിയ ഇഗ 6-1, 6-3 എന്ന സ്കോറിന് അനായാസ ജയം കണ്ടത്തി. 12 സീഡ് ആയ വിക്ടോറിയ അസരങ്കയും സമാനമായ സ്കോറിന് ആണ് രണ്ടാം റൗണ്ടിൽ ജയം കണ്ടത്. ഉക്രൈൻ താരം കത്രനീനക്ക് എതിരെയായിരുന്നു അസരങ്കയുടെ ജയം. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് അസരങ്ക എതിരാളിയെ ബ്രൈക്ക് ചെയ്തത്. അതേസമയം 22 സീഡ് ജസിക്ക പെഗുള, 24 സീഡ് അന്നറ്റ്, 26 സീഡ് പെട്ര മാർട്ടിച്ച് എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി. 16 സീഡ് അനസ്തേഷ്യ, 19 സീഡ് കരോലിന മുച്ചോവ എന്നിവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.