രണ്ടാം റൗണ്ടിൽ പുറത്തായി നാലാം സീഡ് സോഫിയ കെനിൻ, ആദ്യ റൗണ്ടിൽ വീണു അഞ്ചാം സീഡ് ബിയാങ്ക

20210701 005554

വിംബിൾഡണിൽ വമ്പൻ അട്ടിമറികൾ തുടരുന്നു. ആദ്യ റൗണ്ടിൽ തന്നെ വമ്പൻ പരാജയം ഏറ്റു വാങ്ങുന്ന മുൻ യു.എസ് ഓപ്പൺ ജേതാവും അഞ്ചാം സീഡും ആയ കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കുവിനെ ആണ് ആദ്യം കാണാൻ ആയത്. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ആലീസ് കോർണറ്റ് അക്ഷരാർത്ഥത്തിൽ ബിയാങ്കയെ തകർത്തു. ആദ്യ സെറ്റ് 6-2 നേടിയ ഫ്രഞ്ച് താരം രണ്ടാം സെറ്റ് 6-1 നേടി ബിയാങ്കക്ക് വിംബിൾഡണിൽ നിന്നു മടക്ക ടിക്കറ്റ് നൽകി. മത്സരത്തിൽ ആറു ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിക്കാൻ ആയെങ്കിലും ബിയാങ്കക്ക് ഒന്നു പോലും മുതലാക്കാൻ സാധിച്ചില്ല. ഇടക്ക് കോർട്ടിൽ തെന്നി വീണ ബിയാങ്കക്ക് എതിരെ 10 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച കോർണറ്റ് 5 തവണ കനേഡിയൻ താരത്തിന്റെ സർവീസും ബ്രൈക്ക് ചെയ്തു. ഈ വർഷം കളിച്ച മൂന്നു ഗ്രാന്റ് സ്‌ലാമിൽ ഒന്നിലും രണ്ടാം റൗണ്ട് കടക്കാൻ ആവാത്ത നിരാശയോടെയാണ് ബിയാങ്ക വിംബിൾഡണിൽ നിന്നു മടങ്ങുക.

അതേസമയം മുൻ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവും നാലാം സീഡും ആയ സോഫിയ കെനിൻ രണ്ടാം റൗണ്ടിൽ പുറത്തായി. നാട്ടുകാരിയായ മുമ്പും വലിയ അട്ടിമറിക്ക് പേരുകേട്ട 82 റാങ്കുകാരിയായ മാഡിസൺ ബ്രഗിൽ ആണ് കെനിന് മടക്ക ടിക്കറ്റ് നൽകിയത്. മുമ്പ് രണ്ടു പ്രാവശ്യം വീതം സെറീന വില്യംസ്, പെട്ര ക്വിറ്റോവ എന്നിവരെ കരിയറിൽ അട്ടിമറിച്ച മാഡിസൺ വെറും 45 മിനിറ്റിനുള്ളിൽ 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് കെനിനെ വീഴ്‌ത്തി. 41 അനാവശ്യ പിഴവുകൾ വരുത്തിയ കെനിൻ ആറു തവണയാണ് ബ്രൈക്ക് ചെയ്യപ്പെട്ടത്. 3 തവണ ബ്രൈക്ക് നേടാൻ ആയെങ്കിലും ഒരിക്കൽ പോലും ബ്രൈക്ക് പോയിന്റ് രക്ഷിക്കാൻ കെനിന് ആയില്ല. വനിതാ ടെന്നീസിലെ പ്രവചനാതീതക്ക് ഒരിക്കൽ കൂടി വിംബിൾഡൺ സാക്ഷിയാവുക ആണോ എന്ന് കണ്ടു തന്നെ അറിയാം.

Previous articleഅവസാനം സ്പർസിന് പരിശീലകനായി, നുനോ നയിക്കും!
Next articleസെറീനക്ക് പിറകെ വീനസ് വില്യംസും പുറത്ത്, ഇഗ, മുഗുരുസ, അസരങ്ക തുടങ്ങി പ്രമുഖർ മുന്നോട്ട്