തിരിച്ചു വന്നു ജയം കണ്ടു സബലങ്ക, മൂന്നു സെറ്റ് അതിജീവിച്ചു സ്വിറ്റോലീനയും, ബെനിച്ചിച് പുറത്ത്, പ്ലിസ്‌കോവ മുന്നോട്ട്

20210701 015506

ബ്രിട്ടീഷ് താരം കാത്തി ബോൾട്ടറെയും ബ്രിട്ടീഷ് കാണികളെയും അതിജീവിച്ചു രണ്ടാം സീഡ് ആര്യാന സബലങ്ക വിംബിൾഡൺ മൂന്നാം റൗണ്ടിൽ. ആരാധകരുടെ വലിയ പിന്തുണ ലഭിച്ച ബ്രിട്ടീഷ് താരം ആദ്യ സെറ്റ് 6-4 നു നേടിയതോടെ സബലങ്ക സമ്മർദ്ദത്തിൽ ആയി. എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ തിരിച്ചടിച്ച സബലങ്ക 6-3, 6-3 എന്ന സ്കോറിന് സെറ്റുകൾ നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. 10 ഏസുകൾ ഉതിർത്ത സബലങ്ക 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തി. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ ബ്രിട്ടീഷ് താരത്തിന് മേൽ ബ്രൈക്ക് നേടിയ സബലങ്ക മത്സരം സ്വന്തം പേരിൽ കുറിച്ചു. ചൈനീസ് താരം ഷു ലിനിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അതേസമയം ബെൽജിയം താരവും പതിമൂന്നാം സീഡും ആയ എൽസി മെർട്ടൻസ് തകർത്തത്. വെറും 2 പോയിന്റുകൾ മാത്രം എതിരാളിക്ക് നൽകിയ മെർട്ടൻസ് 6-2, 6-0 എന്ന സ്കോറിന് മത്സരം സ്വന്തം പേരിൽ കുറിച്ചു.

ഉക്രൈൻ താരവും മൂന്നാം സീഡുമായ എലീന സ്വിറ്റോലീനയും നല്ല പോരാട്ടം ആണ് ആദ്യ റൗണ്ടിൽ നേരിട്ടത്. ബെൽജിയം താരം ആലിസൻ വാനിനു എതിരെ ആദ്യ സെറ്റ് 6-3 നു നേടിയ സ്വിറ്റോലീന രണ്ടാം സെറ്റ് 6-2 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റ് 6-3 നു നേടി സ്വിറ്റോലീന രണ്ടാം റൗണ്ട് ഉറപ്പിച്ചു. മത്സരത്തിൽ ആറു തവണ ബ്രൈക്ക് നേടിയ മൂന്നാം സീഡ് പക്ഷെ 5 തവണ ബ്രൈക്ക് വഴങ്ങി. ഡോണ വെകിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അതേസമയം എട്ടാം സീഡ് കരോലിന പ്ലിസ്കോവ രണ്ടാം റൗണ്ടിൽ മറികടന്നത്. 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു പ്ലിസ്കോവയുടെ ജയം. ഒമ്പതാം സീഡ് സ്വിസ് താരം ബലിന്ത ബെനച്ചിച്ച് ആദ്യ റൗണ്ടിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. കായ യുവാനോട് 6-3, 6-3 എന്ന സ്കോറിന് ആണ് സ്വിസ് താരം തോറ്റത്. അതേസമയം അമേരിക്കൻ താരങ്ങൾ ആയ മാഡിസൺ കീയ്സ്, സ്റ്റീഫൻസ് എന്നിവരും മൂന്നാം റൗണ്ടിൽ എത്തി.