ലൂയിസ് ഡിയാസിന്റെ അത്ഭുതഗോളിനെ അവസാന നിമിഷത്തെ ഗോളിൽ മറികടന്നു ബ്രസീൽ, കൊളംബിയക്ക് മേൽ ജയം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ വിജയകുതിപ്പ് തുടരുന്നു. ബ്രസീലിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ പത്താമത്തെ മിനിറ്റിൽ ലൂയിസ് ഡിയാസിന്റെ അത്ഭുതഗോളിൽ കൊളംബിയ ആണ് ആദ്യം മുന്നിൽ എത്തുന്നത്. കൊഡറാഡോ നൽകിയ ക്രോസിൽ നിന്നു അതുഗ്രൻ ബൈസിക്കിൽ കിക്കിലൂടെ സിൽവയുടെ ഗോൾ പോസ്റ്റ് ഭേദിച്ച ലൂയിസ് ഡിയാസ് കൊളംബിയക്ക് ലീഡ് സമ്മാനിച്ചു. ഈ കോപ്പ അമേരിക്കയിൽ ആദ്യമായി ഗോൾ വഴങ്ങിയ ബ്രസീൽ 2014 ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് നാട്ടിൽ നടക്കുന്ന ഒരു മത്സരത്തിൽ ഗോൾ വഴങ്ങുന്നത്. എന്നാൽ ഗോൾ നേടിയെങ്കിലും പ്രതിരോധിച്ചു കളിച്ച കൊളംബിയ മോശം ഫുട്‌ബോൾ ആണ് കളിച്ചത്. 70 ശതമാനം സമയം പന്ത് കൈവശം വച്ച ബ്രസീലിനു പക്ഷെ നിരവധി അവസരങ്ങൾ തുറന്നെങ്കിലും ഗോൾ കണ്ടത്താൻ ആയില്ല. 78 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റെനാൻ ലോദി നൽകിയ പന്ത് ലക്ഷ്യത്തിൽ എത്തിച്ച റോബർട്ടോ ഫിർമിനോ ബ്രസീലിനു സമനില സമ്മാനിച്ചു. എന്നാൽ ഗോൾ അടിക്കുന്നതിനു മുമ്പ് പന്ത് റഫറിയുടെ ദേഹത്ത് തട്ടിയെന്ന കാരണം പറഞ്ഞു കൊളംബിയ താരങ്ങൾ ദീർഘസമയം തർക്കിച്ചു എങ്കിലും ഗോൾ അനുവദിക്കുക ആയിരുന്നു.

സമനിലയിലേക്ക് പോവും എന്നു കരുതിയ മത്സരത്തിൽ ഇഞ്ച്വറി സമയത്തെ 10 മത്തെ മിനിറ്റിൽ ആണ് ബ്രസീലിന്റെ നാടകീയമായ വിജയ ഗോൾ പിറന്നത്. മത്സരത്തിന്റെ 100 മത്തെ മിനിറ്റിൽ നെയ്മറിന്റെ കൃത്യമാർന്ന കോർണറിൽ നിന്നു ഹെഡറിലൂടെ റയൽ മാഡ്രിഡ് താരം കാസ്മിരോ ആണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. ഇതോടെ ഇത് വരെ കളിച്ച 3 കളികളിലും ബ്രസീൽ ആധികാരികമായി ജയം കണ്ടത്തി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരും. ഗോൾ ഒരുക്കിയ നെയ്മർ ബ്രസീലിനായി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം എന്ന റെക്കോർഡും സ്വന്തമാക്കി. തോറ്റെങ്കിലും നിലവിൽ ബി ഗ്രൂപ്പിൽ കൊളംബിയ തന്നെയാണ് രണ്ടാമത്. മിന്നും പ്രകടനങ്ങളിലൂടെ എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് ആണ് ബ്രസീൽ നൽകുന്നത്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോർ പെറുവിനെ 2-2 നു സമനിലയിൽ തളച്ചു. ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ നിന്ന ശേഷം പെറു തിരിച്ചു വന്നു സമനില പിടിക്കുക ആയിരുന്നു. ബി ഗ്രൂപ്പിൽ നിലവിൽ പെറു മൂന്നാമതും ഇക്വഡോർ നാലാമതും ആണ്.