യൂറോ കപ്പിലെ കറുത്ത കുതിരകളാകും എന്ന് പലരും പറഞ്ഞ് തുർക്കിയെ തകർത്തു കൊണ്ട് ഇറ്റലി യൂറോ കപ്പിന് തുടക്കം കുറിച്ചു. ഇന്ന് റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് മാഞ്ചിനിയുടെ ടീം നേടിയത്. തീർത്തും ആധികാരികമായിരുന്നു ഇറ്റലിയുടെ ഇന്നത്തെ പ്രകടനവും വിജയവും.
ഇന്ന് റോമിൽ കരുതലോടെയാണ് ഗ്രൂപ്പ് എയിലെ ഇരുടീമുകളും തുടങ്ങിയത്. ഡിഫൻസിൽ ഊന്നി കളിച്ച തുർക്കി ഇറ്റലിയുടെ അറ്റാക്ക് പെട്ടെന്നു തന്നെ ക്ഷണിച്ചു വരുത്തി. ഈ ടൂർണമെന്റിലെ തന്നെ ആദ്യ അവസരം വന്നത് നാപോളിയുടെ താരം ഇൻസിനെയ്ക്ക് ആയിരുന്നു. തുർക്കി വലയിൽക്ക് പന്ത് കേർൾ ചെയ്ത് കയറ്റാൻ ഇൻസീനെ ശ്രമിച്ചു എങ്കിലും പന്ത് ലക്ഷ്യത്തിൽ നിന്ന് വളരെ ദൂരെയാണ് ചെന്നത്.
ഇതിനു പിന്നാലെ ഒരു കോർണറിൽ നിന്ന് കിയെല്ലിനിയുടെ ഹെഡർ ലോകോത്തര സേവിലൂടെ കകിർ തടഞ്ഞു. തുർക്കി ഡിഫൻസും മധ്യനിരയും തുടർച്ചയായി പന്ത് നഷ്ടപ്പെടുത്തിയത് ഇറ്റലിക്ക് അറ്റാക്കുകൾ തുടങ്ങാൻ സഹായകമായി. ആദ്യ പകുതിയിൽ ആ രണ്ട് നല്ല അവസരങ്ങൾ മാത്രമേ എന്നിട്ടും ഇറ്റലിക്ക് സൃഷ്ടിക്കാനായുള്ളൂ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെംഗിസ് ഉണ്ടറിനെ കളത്തിൽ എത്തിച്ച് തുർക്കി ടാക്ടിക്സ് മാറ്റി. മറുവശത്ത് ഇറ്റലി ലൊറെൻസോയെയും കളത്തിൽ എത്തിച്ചു. കളിയുടെ 53ആം മിനുറ്റിൽ ഈ യൂറോ കപ്പിലെ ആദ്യ ഗോൾ പിറന്നു. ഒരു സെൽഫ് ഗോളിലൂടെ ഇറ്റലിയാണ് ലീഡ് എടുത്തത്. വലതു വിങ്ങുലൂടെ കുതിച്ചെത്തിയ ബെറാഡിയുടെ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടയിൽ തുർക്കി ഡിഫൻഡറായ ഡെമിറാലിന്റെ നെഞ്ചത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു.
ഈ ഗോളിനു ശേഷം കളി ഒരു തുറന്ന പോരാട്ടമായി മാറി. തുർക്കി അറ്റാക്ക് ചെയ്യാൻ ശ്രമിച്ചത് ഇറ്റലിക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായകമായി. കകിറിന്റെ സേവുകൾ മാത്രമാണ് ഇറ്റലിയെ രണ്ടാം ഗോളിൽ നിന്ന് അകറ്റിയത്. പക്ഷെ അധികനേര കകിറിനും ഇറ്റലിയുടെ രണ്ടാം ഗോൾ തടയാനായില്ല. 66ആം മിനുട്ടിൽ ഇമ്മൊബിലെ ആണ് ഇറ്റലിയുടെ രണ്ടാം ഗോൾ നേടിയത്. സ്പിനസോളയുടെ ഷോട്ട് കാകിർ തടഞ്ഞപ്പോൾ റീബൗണ്ടിലൂടെ ഇമ്മൊബിലെ പന്ത് വലയിൽ എത്തിച്ച് ഇറ്റലിയുടെ സന്തോഷം ഇരട്ടിയാക്കി.
80ആം മിനുട്ടിൽ ഇൻസിനെയുടെ വക ഇറ്റലിയുടെ മൂന്നം ഗോളും വന്നു. തുർക്കി ഗോൾകീപ്പറിന്റെ പിഴവ് മുതലെടുത്തായിരുന്നു ഇൻസീനെയുടെ ഗോൾ. ഇതിനേക്കാൾ ഗോളുകൾ നേടാനുള്ള അവസരം ഇറ്റലിക്ക് ഉണ്ടായിരുന്നു എങ്കിലും ഫൈനൽ പാസുകളും ഗോൾ മുഖത്ത് ലക്ഷ്യം പിഴച്ചതും വിനയായി. ഇറ്റലിയുടെ തുടർച്ചയായ ഒമ്പതാം വിജയമാണ് ഇത്. ഈ ഒമ്പതു മത്സരങ്ങളിലും ഇറ്റലി ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.